വൺവേ തെറ്റിച്ച് വാഹനങ്ങൾ; ഗതാഗതക്കുരുക്ക് രൂക്ഷം, വാഹനാപകടത്തിനും കാരണമാകുന്നു
Mail This Article
പുക്കാട്ടുപടി∙ ജംക്‌ഷനിൽ വൺവേ സംവിധാനങ്ങൾ തെറ്റിച്ച് വാഹനങ്ങൾ കടന്നു പോകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനാപകടങ്ങൾ പതിവായതോടെയാണ് വൺവേ സംവിധാനം നിലവിൽ വന്നത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കിനും പരിഹാരം ഉണ്ടായിരുന്നു. എന്നാൽ വാഹനങ്ങൾ പലതും വൺവേ സംവിധാനം പാലിക്കുന്നില്ലെന്നാണ് പരാതി. ആലുവ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപാസ് റോഡിലൂടെ കടന്ന് പോകണമെന്നാണ് നിയമമെങ്കിലും പല വാഹനങ്ങളും പുക്കാട്ടുപടി ജംക്‌ഷനിൽ റോഡിലൂടെ എളുപ്പ വഴിയിലൂടെ കടന്നു പോകുകയാണ്. ഇത് പലപ്പോഴും വാഹനാപകടത്തിന് കാരണമാകുന്നുണ്ട്.
ബസുകൾ പലപ്പോഴും ജംക്‌ഷനിൽ വട്ടം തിരിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വൺവേ സംവിധാനം പാലിച്ച് കറങ്ങി വരേണ്ട ബസുകൾ തിരക്കുള്ള സമയങ്ങളിൽപ്പോലും ജംക്‌ഷനിൽ തന്നെ ആളെ ഇറക്കി തിരിക്കുകയാണ്. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്ക് പലപ്പോഴും ഭീഷണി നേരിട്ടിട്ടുണ്ട്. എടത്തല , തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമാണ് പുക്കാട്ടുപടി. പൊലീസിന്റെ സാന്നിധ്യം ഇല്ലാത്തതും വൺവേ സംവിധാനം പാലിക്കാത്തതിന് കാരണമാകുന്നുണ്ട്.