ADVERTISEMENT

ആലുവ ∙ റൂട്ട് തെറ്റിച്ചോടുകയും നഗരം ചുറ്റാൻ തയാറാകാതെ യാത്ര ഇടയ്ക്ക് അവസാനിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി എടുക്കുന്നുണ്ടെന്നു മോട്ടർ വാഹന അധികൃതർ അവകാശപ്പെടുമ്പോഴും സ്വകാര്യ ബസുകൾ കുറ്റം ആവർത്തിക്കുന്നു. ആലുവ–എറണാകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇന്നലെ വൈകിട്ടു ബാങ്ക് കവലയിൽ യാത്രക്കാരെ ബലമായി ഇറക്കി സ്റ്റാൻഡിലേക്കു പോകുന്നതു ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ ബസ് ഇടിപ്പിക്കാൻ ശ്രമം നടന്നതാണ് ഒടുവിലത്തെ സംഭവം. തലനാരിഴയ്ക്കാണ് താൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടതെന്നു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി പറഞ്ഞു. നാട്ടുകാരും സമീപത്തെ വ്യാപാരികളും ഇടപെട്ടതോടെയാണ് ബസ് ഡ്രൈവർ അടങ്ങിയത്.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഇന്നു പ്രതിഷേധം സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് പി.എച്ച്.അസ്‌ലം പറഞ്ഞു. എറണാകുളം ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, മാർക്കറ്റ് റോഡ് വഴിയാണ് സ്റ്റാൻഡിൽ പോകേണ്ടത്. അതിനു പകരം ബാങ്ക് കവലയിൽ എത്തുമ്പോൾ യാത്രക്കാരെ ഇറക്കി നേരെ സ്റ്റാൻഡിൽ കയറുന്നതാണ് പരാതിക്ക് ഇടയാക്കുന്നത്. ബസുകാർക്ക് ഇതുവഴി 2 കിലോമീറ്റർ ദൂരവും സമയവും ലാഭിക്കാം. പക്ഷേ, യാത്രക്കാർ വീണ്ടും 10 രൂപ മുടക്കി മറ്റൊരു ബസിൽ പോകുകയോ ഓട്ടോ വിളിക്കുകയോ വേണം. ഇതിനെതിരെ മോട്ടർ വാഹന വകുപ്പിനു പരാതി നൽകാൻ ആളുകൾക്കു മടിയാണ്. ജോയിന്റ് ആർടി ഓഫിസിൽ ഹിയറിങ്ങിന് എത്തിയ പരാതിക്കാരെ അവിടെ വച്ചുപോലും ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതാണു പിന്മാറ്റത്തിനു കാരണം.

ഷൊഹൈബ്, റോജൻ.
ഷൊഹൈബ്, റോജൻ.

ബസ് ജീവനക്കാർ അറസ്റ്റിൽ
ആലുവ∙ സ്വകാര്യ ബസ് റൂട്ട് തെറ്റിച്ചോടിയതു ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തിയെ ആക്രമിച്ച കേസിൽ ബസ് ഡ്രൈവർ കണ്ണമാലി കണ്ടക്കടവ് കണ്ടത്തിൽ റോജൻ (48), കണ്ടക്ടർ നൊച്ചിമ ചാലിൽപാടം കണ്ടത്തിൽ ഷൊഹൈബ് (32)  എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടു പൊലീസ് ആർടിഒയ്ക്കു റിപ്പോർട്ട് നൽകും.

പെർമിറ്റ് ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും പിഴ അടപ്പിക്കുകയും ചെയ്യുമെന്നു ഡിവൈഎസ്പി ടി.ആർ. രാജേഷ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടു പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കു വന്ന ബസ് നഗരം ചുറ്റാൻ തയാറാകാതെ ബാങ്ക് കവലയിൽ യാത്രക്കാരെ ബലമായി ഇറക്കിയതു ചോദ്യം ചെയ്ത അനൂപിന്റെ ദേഹത്തു ബസ് ഇടിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

English Summary:

Aluva private bus drivers arrested for assaulting a Youth Congress leader after deviating from their route and attempting to run him over. A protest is planned following repeated route violations and passenger complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com