ADVERTISEMENT

അങ്കമാലി ∙ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ മൂക്കന്നൂർ–ഏഴാറ്റുമുഖം റോഡ്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ മാസം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. കാനകളുടെ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. അന്തിമ ടാറിങ്ങും നടത്തണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും രണ്ടു മാസത്തിലേറെ സമയമെടുക്കുമെന്നാണു കരുതുന്നത്. റോഡിന്റെ നിർമാണം തുടങ്ങിയിട്ടു നാലു വർഷമായി.

റോഡിന്റെ ആരംഭ ഭാഗമായ കരയാംപറമ്പ് ജംക്‌ഷനു സമീപം യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളുമില്ല. കരയാംപറമ്പ് സൊസൈറ്റി ജംക്‌ഷനു സമീപത്തെ കുപ്പിക്കഴുത്ത് പോലുള്ള ഭാഗം വീതികൂട്ടി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റോഡിന്റെ മറ്റിടങ്ങളിലെ വീതി പോലെ തന്നെ സൊസൈറ്റി ജംക്‌ഷനു സമീപത്തും വീതി എടുക്കണമെന്നാണ് ആവശ്യം.

മൂക്കന്നൂർ -ഏഴാറ്റുമുഖം റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും കരയാംപറമ്പ് സൊസൈറ്റി ജംക്‌ഷൻ വരെയുള്ള നിർമാണം റോഡ് ആരംഭിക്കുന്ന ദേശീയപാതയിലെ കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിൽ നിന്ന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എം.പി.ജോസ് മാവേലി ഹൈക്കോടതിയെ സമീപിച്ചു.

സൊസൈറ്റി ജം‌ക്‌ഷനു സമീപം 30 വർഷം മുൻപു പൊന്നും വിലയ്ക്ക് എടുത്ത് വികസിപ്പിച്ച ഭാഗത്ത് ഇപ്പോൾ റോഡിന്റെ മറ്റിടങ്ങളിലേപ്പോലെ വീതിയില്ല. 100 മീറ്റർ ഭാഗത്താണ് വീതികുറവുള്ളത്. ഈ ഭാഗം വീതികൂട്ടി നിർമിച്ച് അപകടരഹിതമാക്കണമെന്നാണ് ആവശ്യം. 2018ൽ സംസ്ഥാന സർക്കാർ കേരളത്തിലെ ടൂറിസം വികസനത്തിനും അങ്കമാലി നിയോജകമണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കുമായി ജർമൻ ബാങ്ക് സഹായത്തോടെ റോഡ് ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കുന്നതിന് 116 കോടി രൂപ അനുവദിച്ചത്.

പ്രകൃതി ഗ്രാമം, അതിരപ്പിള്ളി വെള്ളച്ചാട്ടം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മൂക്കന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഫിസാറ്റ് എൻജിനീയറിങ് കോളജ്, ഐടിഐ, ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിലേക്കും മൂക്കന്നൂർ–ഏഴാറ്റുമുഖം റോഡിലൂടെയാണ് പോകുന്നത്. നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോകുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. റോഡിന്റെ പുനർനിർമാണം വെറ്റിലപ്പാറ പാലം വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിൽ നിന്നു മുന്നൂർപ്പിള്ളി ജംക്‌ഷൻ വരെ 14 കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ റോഡ് നിർമിക്കുന്നത്. അവിടെനിന്ന് ഏഴാറ്റുമുഖം ചെക്ക്പോസ്റ്റ് വരെയുള്ള 4 കിലോമീറ്ററും പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കൂടി വെറ്റിലപ്പാറ പാലം വരെയുള്ള 3 കിലോമീറ്ററും കൂടി മൊത്തം 21 കിലോമീറ്റർ ദൂരമാണുള്ളത്. ഇത്രയും നീളത്തിൽ ദേശീയപാത നിലവാരത്തിൽ റോഡ് നിർമിക്കാൻ നിലവിൽ അനുവദിച്ച ഫണ്ട് മതിയാവുമെന്നിരിക്കെ മുന്നൂർപ്പിള്ളിയിൽ റോഡ് നിർമാണം അവസാനിപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. വെറ്റിലപ്പാറ പാലം വരെ ദേശീയപാത നിലവാരത്തിൽ റോഡ് നിർമിച്ചിരുന്നെങ്കിൽ ടൂറിസം രംഗത്തും വികസനം ഉണ്ടാകുമായിരുന്നു.

English Summary:

Mookkannoor-Ezhattumugham Road construction in Angamaly, Kerala, is significantly delayed despite substantial funding. The incomplete road impacts local residents and tourism, with demands for completion and extension to Vetilappara Bridge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com