ADVERTISEMENT

കൊച്ചി∙ മനസുകളെ വിഭജിക്കുന്നതിലല്ല, ഏവരെയും ചേർത്തു നിർത്തുന്നതിലാണു ക്രിസ്മസിന്‍റെ കാതലെന്നു കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ ഓർമിപ്പിച്ചു. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ‌ ക്രിസ്മസ് സംഗമം (ഇമ്മാനുവേൽ 2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സർവമനുഷ്യർ‌ക്കും സന്തോഷത്തിന്‍റെ സദ് വാർത്തയാണു തിരുപ്പിറവി. എല്ലാവരും ഒരു കുടുംബമാണെന്നതാണ് അതിന്‍റെ പൂർണത. മതത്തിലും ഭാഷയിലും അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലുമെല്ലാം വ്യത്യസ്തകളുള്ളവർ ഒരേ മണ്ണിൽ ചവിട്ടി നിന്നു, നാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നു വിളിച്ചുപറയുന്നതിൽ ക്രിസ്മസിന്‍റെ ഊഷ്മളത തിരിച്ചറിയാനാകണം. ‌സ്നേഹത്തെക്കുറിച്ചും ഒരുമയെക്കുറിച്ചും ലോകത്തോട് അഭിമാനത്തോടെ വിളിച്ചുപറയാൻ അവകാശമുള്ളവരാണു നമ്മൾ ഭാരതീയർ. വസുധൈവ കുടുംബകം എന്നു നമ്മൾ ലോകത്തോട് അഭിമാനത്തോടെ വിളിച്ചുപറഞ്ഞു. ദൈവത്തിന്‍റെ പേരിൽ മനസുകളെ മുറിക്കുന്നതു ദൈവികപദ്ധതികൾക്കു വിരുദ്ധമാണ്. സ്വർഗം സാധ്യമാണെന്നും പ്രത്യാശയിൽ ജീവിക്കാമെന്നും പഠിപ്പിച്ച ക്രിസ്മസിന്‍റെ യഥാർഥ സാരാംശം ഹൃദയങ്ങളിലേറ്റാൻ നമുക്കു കഴിയണമെന്നും കർദിനാൾ മാർ ക്ലീമിസ് പറഞ്ഞു.

മന്ത്രി പി. രാജീവ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, നിയുക്ത ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. സിബു ഇരിന്പിനിക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലക്കര തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ആന്‍റണി കരിയിൽ, ചിന്മയ വിദ്യാപീഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ എം.അനിൽകുമാർ, സിഎംഐ പ്രിയോർ ജനറാൾ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടൻ, എറണാകുളം കരയോഗം പ്രസിഡന്‍റ് പി.രാമചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com