എടയാറിലെ കുഴി ബാരിക്കേഡ് ഉപയോഗിച്ച് മറയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
Mail This Article
കൊച്ചി ∙ എടയാറിൽ റോഡിന് നടുക്ക് കലുങ്ക് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് എടുത്ത 2 മീറ്ററിലേറെ ആഴവും കമ്പികളും നിറഞ്ഞ കുഴി ബാരിക്കേഡ് കൊണ്ട് മറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം (കാക്കനാട്) എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അപകടം സൂചിപ്പിക്കുന്ന ബോർഡ് ഇവിടെ സ്ഥാപിക്കണം. ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അഗ്നിശമനാ വിഭാഗവുമായി കൂടിയാലോചിച്ച് സ്ഥലത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കണം. സ്വീകരിച്ച നടപടികളെകുറിച്ച് വിശദമായ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.
റോഡ് സുരക്ഷാ കമ്മീഷണർ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്ഥല പരിശോധന നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കുന്നനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ പരിശോധിച്ചിട്ടു വേണം റിപ്പോർട്ട് നൽകേണ്ടത്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറും റോഡ് സുരക്ഷാ കമ്മീഷണറും നിയോഗിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ജനുവരി 23 ന് രാവിലെ 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.