തമ്മനത്ത് പൈപ്പ് പൊട്ടി; ശുദ്ധജല വിതരണം തടസ്സപ്പെട്ടു
Mail This Article
കൊച്ചി ∙ പാലാരിവട്ടം– വൈറ്റില റോഡിൽ തമ്മനം ഭാഗത്തു ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജല വിതരണം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചേകാലിനാണു സംഭവം. ആലുവയിൽ നിന്നു ചേരാനല്ലൂർ ഭാഗത്തേക്കു വെള്ളമെത്തിക്കുന്ന ജല അതോറിറ്റി പൈപ്പാണു പൊട്ടിയത്. 50 വർഷത്തിലേറെ പഴക്കമുള്ള പ്രിമോ പൈപ്പാണിത്. പാലാരിവട്ടം– വൈലോപ്പിള്ളി റോഡിൽ സെന്റ് ജോൺ ദ് – ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിക്കു മുൻഭാഗത്താണു പൈപ്പ് പൊട്ടിയത്. ഇതോടെ ഈ റോഡിൽ (മഹാകവി വൈലോപ്പിള്ളി റോഡ്) ഗതാഗതം തടസ്സപ്പെട്ടു.
വൈറ്റില ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചർച്ച് റോഡ് വഴിയും പാലാരിവട്ടം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ എൽപിഎസ് റോഡ് വഴിയും തിരിച്ചുവിട്ടു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടാനാണു സാധ്യത. അറ്റകുറ്റപ്പണികൾ ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. എന്നാൽ ഇന്നത്തോടെ മാത്രമേ പൂർത്തിയാകാൻ സാധ്യതയുള്ളൂവെന്നു ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ട് പറഞ്ഞു. പൈപ്പ് പൊട്ടിയതു മൂലം പാലാരിവട്ടം, മാമംഗലം, എളമക്കര, പോണേക്കര, ചേരാനല്ലൂരിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നു ശുദ്ധജല വിതരണം തടസ്സപ്പെടും.
തമ്മനം– പുല്ലേപ്പടി റോഡിൽ തമ്മനം ജംക്‌ഷനിൽ കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയിരുന്നു. തമ്മനം ഭാഗത്തു നിന്നു വൈറ്റില, പൊന്നുരുന്നി ഭാഗങ്ങളിലേക്കു പോകുന്ന ശുദ്ധജല വിതരണ പൈപ്പാണ് അന്നു പൊട്ടിയത്. ആലുവയിൽ നിന്ന് ചേരാനല്ലൂർ ഭാഗത്തേക്കു പോകുന്ന 28 ഇഞ്ച് വ്യാസമുള്ള പ്രിമോ പൈപ്പാണ് ഇന്നലെ പൊട്ടിയത്. ഏറെ പഴക്കമുള്ള പ്രിമോ പൈപ്പ് വെള്ളത്തിന്റെ മർദം താങ്ങാനാകാതെ പൊട്ടുന്നതു പതിവാണ്. അമൃത് പദ്ധതിയുടെ ഭാഗമായി പ്രിമോ പൈപ്പിനു പകരം ഇരുമ്പു പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നുണ്ട്. എന്നാൽ ചില ഭാഗങ്ങളിൽ പഴയ പ്രിമോ പൈപ്പ് തന്നെ ജലവിതരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തമ്മനം പമ്പ് ഹൗസിൽ നിന്നു ചേരാനല്ലൂർ ഭാഗത്തേക്കു മറ്റൊരു പൈപ്പ് ലൈൻ കൂടിയുള്ളതിനാൽ ചില ഭാഗങ്ങളിൽ വെള്ളം ലഭിക്കും.