പുതുവേലി– വൈക്കം കവലയിൽ വില്ലനായി മീഡിയൻ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
Mail This Article
കൂത്താട്ടുകുളം∙ എംസി റോഡിൽ പുതുവേലി– വൈക്കം കവലയിൽ റോഡിന്റെ മീഡിയൻ അപകടക്കെണിയായി തുടരുന്നു. ഇന്നലെ പുലർച്ചെ 3ന് തടി കയറ്റി വന്ന ലോറി മീഡിയനിൽ ഇടിച്ചു കയറി മറിഞ്ഞു. തിരുവല്ലയിൽ നിന്നും പെരുമ്പാവൂരിനു തടിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. തടി മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റിയ ശേഷമാണ് ലോറി റോഡിൽ നിന്നും നീക്കിയത്.
വർഷങ്ങളായി ഇവിടെ അപകടം തുടർക്കഥയായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. നേരത്തെ തടി ലോറിയും മിനി ബസും കെഎസ്ആർടിസി ബസും ഉൾപ്പെടെ ഒട്ടേറെ വലിയ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപിയാണ് മീഡിയൻ സ്ഥാപിച്ചത്. ഇതുമൂലം റോഡിന് വീതികുറവ് സംഭവിച്ചതും വാഹനം കയറ്റം കയറി വരുമ്പോൾ മീഡിയൻ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്തതുമാണു അപകടത്തിനു കാരണം.
കവലയിൽ വൈക്കം റോഡിൽ നിന്നും എംസി റോഡിലേക്ക് തിരിയുന്ന ഭാഗവും മീഡിയനും തമ്മിൽ 3 മീറ്റർ അകലം മാത്രമാണ് ഉള്ളത്. ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനവും പ്രവർത്തിക്കുന്നില്ല. ഓരോ അപകടം ഉണ്ടാകുമ്പോഴും അധികൃതർ സ്ഥലത്ത് പരിശോധന നടത്തി മടങ്ങുക മാത്രമാണ് ചെയ്യുന്നത്. മീഡിയൻ പൊളിച്ചു നീക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.