നക്ഷത്ര തടാകം മെഗാ കാർണിവൽ 25 മുതൽ; ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി
Mail This Article
മലയാറ്റൂർ∙ നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. 25 മുതൽ 31വരെയാണ് കാർണിവൽ. മെഗാ കാർണിവലിന്റെ ഒരുക്കങ്ങളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്താൻ റോജി എം.ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ, അംഗങ്ങളായ ബിൻസി ജോയ്, വിജി രെജി, സതി ഷാജി, മിനി സേവ്യർ, ഷിൽബി ആന്റണി, നക്ഷത്ര തടാകം പ്രോജക്ട് കോ ഓർഡിനേറ്റർ വിൽസൻ മലയാറ്റൂർ, മലയാറ്റൂർ ജനകീയ വികസന സമിതി കൺവീനർ സിജു മലയാറ്റൂർ, ഭാരവാഹികളായ ജിനോ മാണിക്യത്താൻ, ധനഞ്ജയൻ മംഗലത്ത്പറമ്പിൽ, പൊലീസ്, മോട്ടർ വാഹനം, എക്സൈസ്, കെഎസ്ഇബി, ഫയർ ആൻഡ് റെസ്ക്യു, ഇറിഗേഷൻ, തദ്ദേശ സ്വയം ഭരണം വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ജനകീയ വികസന സമിതിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവൽ. മണപ്പാട്ടുചിറയ്ക്കു ചുറ്റും 2 നിരകളിലായി തൂക്കുന്ന വിവിധ വർണത്തിലുള്ള 10,024 നക്ഷത്രങ്ങളാണ് കാർണിവലിന്റെ പ്രധാന ആകർഷണം. അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, സാംസ്കാരിക പരിപാടികൾ, ബോട്ടിങ് എന്നിവയുണ്ടാകും. 75 അടി ഉയരത്തിൽ നിർമിക്കുന്ന പപ്പാഞ്ഞിയാണ് കാർണിവലിന്റെ മറ്റൊരു ആകർഷണം. 31ന് രാത്രി 12ന് ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി പുതുവർഷത്തെ വരവേറ്റ് കാർണിവൽ സമാപിക്കും.
10–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫ്ലോട്ടിങ് പപ്പാഞ്ഞിയും പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് തയാറാക്കുന്ന പ്രത്യേക കലാസൃഷ്ടിയും പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് കെ.എസ്.പ്രസാദും സംഘവും അവതരിപ്പിക്കുന്ന ഗിന്നസ് മെഗാ ഷോയും ഉണ്ടാകും. ചിറയുടെ കരയിലുള്ള ചിൽഡ്രൻസ് പാർക്കിൽ നക്ഷത്ര ഊഞ്ഞാൽ ഒരുക്കും. കാർണിവലിന്റെ 10–ാം വാർഷിക സ്മരണയായി ഇത് ഇവിടെ സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാവരെയും ഇൻഷുർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് 6 മുതൽ 11 വരെയാണ് കാർണിവൽ സമയം. അതിനു ശേഷം നക്ഷത്രങ്ങളും ലൈറ്റുകളും അണയ്ക്കും. 31നു മാത്രം രാത്രി 12.30 ന് ആണ് വെളിച്ചം അണയ്ക്കുന്നത്.