ADVERTISEMENT

തൃപ്പൂണിത്തുറ ∙ കോറം തികയാത്തതിനാൽ  നഗരസഭാധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ്കുമാർ എന്നിവർക്ക് എതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ബിജെപിക്കു  കഴിഞ്ഞില്ല.   അവിശ്വാസ പ്രമേയ അവതരണത്തിൽ പങ്കെടുക്കില്ല എന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് അംഗങ്ങൾ ആരും ഇന്നലെ കൗൺസിൽ യോഗത്തിൽ എത്തിയില്ല. ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിലേക്ക് എത്തിയതോടെ എൽഡിഎഫ് അംഗങ്ങളും കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. യോഗം ബഹിഷ്കരിക്കുന്നതായി കാണിച്ചുള്ള കത്ത് തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർക്ക് കൈമാറിയ ശേഷമാണ് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാൾ വിട്ടത്. കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ ബിജെപി കൗൺസിലർമാർ മാത്രമാണ് കൗൺസിൽ ഹാളിൽ ഉണ്ടായത്.

കോറം തികയാൻ വേണ്ടിയുള്ള 25 പേർ യോഗത്തിൽ പങ്കെടുക്കാൻ എത്താതായതോടെ അവിശ്വാസം അവതരിപ്പിക്കാൻ കഴിയാതെ ബിജെപി അംഗങ്ങൾ മടങ്ങി. 49 അംഗ കൗൺസിലിൽ 23 എൽഡിഎഫ് അംഗങ്ങളും 17 ബിജെപി അംഗങ്ങളും 8 യുഡിഎഫ് അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്രനും ഉണ്ട്. 

 ∙ പ്രതിഷേധ സ്ഥലത്തെ ചൊല്ലി തർക്കം. ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കൗൺസിൽ ബഹിഷ്ക്കരിച്ചു നഗരസഭാ കവാടത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. നഗരസഭയിൽ എൽഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ട് ആണെന്ന് ആരോപിച്ചു നഗരസഭാ കവാടത്തിൽ പ്രതിഷേധ ധർണ നടത്തുമെന്നു ബിജെപിയും പ്രഖ്യാപിച്ചു. രാവിലെ എത്തിയ ബിജെപി പ്രവർത്തകർ നഗരസഭ കവാടത്തിൽ പ്രതിഷേധം ആരംഭിച്ചു. ശേഷം ധർണയ്ക്കായി യുഡിഎഫ് അംഗങ്ങൾ നിശ്ചയിച്ചുറപ്പിച്ച സമയത്ത് നഗരസഭാ കവാടത്തിൽ എത്തിയതോടെ ബിജെപി അംഗങ്ങൾ ഇവിടെ നിലയുറപ്പിച്ചിരുന്നു. ഇതു യുഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തു.

ഇതോടെയാണ് ഇരുപക്ഷവും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ഉന്തും തള്ളുമായി രംഗം വഷളായതോടെ പൊലീസ് ഇരു കൂട്ടരുടെയും നടുവിൽ നിലയുറപ്പിച്ചു. ഇതിനിടെ നഗരസഭാധ്യക്ഷയുടെ ചേംബറിലേക്കു തള്ളിക്കയറാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.അനുമതി ഇല്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിൽ സ്പീക്കർ എത്തിച്ചതെന്നു കാണിച്ചു പൊലീസ് വാഹനം അടക്കം കസ്റ്റഡിയിൽ എടുത്തു. അനുമതി ഇല്ലാതെ സ്പീക്കർ പ്രവർത്തിച്ചു എന്നു കാണിച്ചു ബിജെപി പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട് എന്നു ഹിൽപാലസ് പൊലീസ് പറഞ്ഞു.അവിശ്വാസവും പ്രമേയം ചർച്ച പോലും നടക്കാതെ തള്ളി പോയതിനെ തുടർന്ന് എൽഡിഎഫ് ജനപ്രതിനിധികൾ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. നഗരസഭ കവാടത്തിൽ നഗരസഭാധ്യക്ഷ രമ സന്തോഷ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവച്ചു.  

യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ, യു.കെ. പീതാംബരൻ, കെ.ടി. അഖിൽ ദാസ് എന്നിവർ പ്രസംഗിച്ചു കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ. ബാബു എംഎൽഎ, കെപിസിസി സെക്രട്ടറി ഐ.കെ. രാജു, ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജു പി. നായർ, ആർ. വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, പാർലമെന്ററി പാർട്ടി നേതാവ് കെ.വി. സാജു, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ വൈസ് പ്രസിഡന്റ് റോയ് തിരുവാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു. അവിശ്വാസ പ്രമേയം കോറം തികയാതെ തള്ളുന്നതിനായി കോൺഗ്രസ് കൗൺസിലർമാർ സിപിഎം നിർദേശ പ്രകാരം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു എന്നു ബിജെപി ആരോപിച്ചു. 

8 കൗൺസിലർമാർ മാത്രമുള്ള കോൺഗ്രസിന് സ്ഥിരസമിതി അധ്യക്ഷ ഉണ്ടായത് കോൺഗ്രസ് – സിപിഎം കൂട്ടുകെട്ട് ആണെന്നും ഇത് ജനങ്ങൾ അറിയാതിരിക്കാൻ വേണ്ടി സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് മനപ്പൂർവം ശ്രമിക്കുകയായിരുന്നു എന്നു ബിജെപി ആരോപിച്ചു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗം ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ബിജെപി പാർലമെന്ററി പാർട്ടി നേതാവ് പി.കെ. പീതാംബരൻ, കൗൺസിലർമാരായ പി.എൽ. ബാബു, യു. മധുസൂദനൻ, ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, മണ്ഡലം പ്രസിഡന്റ് വി. അജിത് കുമാർ, ജില്ല മീഡിയ സെൽ കൺവീനർ നവീൻ കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

No-confidence motion fails: The BJP's no-confidence motion against the Municipal Chairperson and Vice Chairperson failed due to insufficient attendance. The UDF's absence played a crucial role in the motion's defeat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com