‘ചുവടി ഫെസ്റ്റ്’ ചവിട്ടുനാടക മഹോത്സവം ഗോതുരുത്ത് ചിന്നത്തമ്പി അണ്ണാവി സക്വയറിൽ
Mail This Article
കൊച്ചി∙ തീരദേശത്തിന്റെ പരമ്പരാഗത കലാരൂപമായ ചവിട്ടുനാടത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി വർഷംതോറും നടത്തിവരുന്ന ‘ചുവടി ഫെസ്റ്റ്’ ചവിട്ടുനാടക മഹോത്സവം ഗോതുരുത്ത് ചിന്നത്തമ്പി അണ്ണാവി സക്വയറിൽ ഡിസംബർ 26 മുതൽ 30 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ ചവിട്ടുനാടകങ്ങൾ അരങ്ങിലെത്തും. ഗോതുരത്തു മുതൽ ഓമനപ്പുഴ വരെയുള്ള ചവിട്ടുനാടക ഭൂമികയുടെ ചരിത്രം വരച്ചിടുന്ന ഡോക്യുമെന്ററി ‘തിരൈകൂത്ത്’ ഡിസംബർ 29ന് വൈകിട്ട് 7 മണിക്ക് പ്രദർശിപ്പിക്കും. കേരള സംഗീത നാടക അക്കാദമി നിർമിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം രാമചന്ദ്രൻ കേളി.
ഡിസംബർ 26ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവൻ അവതരിപ്പിക്കുന്ന ‘നെപ്പോളിയൻ ബോണപാർട്’ (ആശാൻ– അലക്സ് താളൂപ്പാടത്ത്), 27ന് കേരള ചവിട്ടുനാടക അക്കാദമി ഗോതുരുത്ത് അവതരിപ്പിക്കുന്ന ‘ശ്രീധർമ്മശാസ്താവ്’ (ആശാൻ– ജോസഫ് സലിം), 28ന് കൃപാസനം ആലപ്പുഴ അവതരിപ്പിക്കുന്ന ‘കൊട്ടാര രഹസ്യം’ (ആശാന്മാർ– ജോസി കൃപാസനം, സുരേഷ് കണ്ണമാലി), 29ന് ഡോക്യുമെന്ററി പ്രദർശനത്തിനു ശേഷം യുവജന ചവിട്ടുനാടക സമിതി ഗോതുരുത്ത് അവതരിപ്പിക്കുന്ന ‘കാറൽസ്‌മാൻ’ (ആശാൻ– തമ്പി പയ്യപ്പിള്ളി), 30ന് യുവകേരള കലാസമിതി കുറുമ്പത്തുരുത്ത് അവതരിപ്പിക്കുന്ന ‘വില്യം ഷേക്സ്പിയറിന്റെ മാക്ബത്ത്’ (ആശാൻ– റോയ് ജോർജുകുട്ടി) എന്നീ ചവിട്ടുനാടകങ്ങൾ പരമ്പരാഗത രീതിയിൽ നിർമിച്ചിരിക്കുന്ന വേദിയിലെത്തും.