തെരുവുനായ ശല്യം രൂക്ഷം; ഇരുചക്രവാഹന യാത്രികരെയും വിദ്യാർഥികളെയും ആക്രമിക്കുന്നു
Mail This Article
ആലങ്ങാട് ∙ കരിങ്ങാംതുരുത്ത്– തത്തപ്പിള്ളി റോഡിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ഇരുചക്രവാഹന യാത്രികർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയാകുന്നു. ഇന്നലെ രാത്രി തത്തപ്പിള്ളി സ്കൂളിനു സമീപം വച്ചു തെരുവുനായ ബൈക്കിലേക്കു ചാടി വീണു. വാഹനത്തിന്റെ വേഗം വർധിപ്പിച്ചാണു യാത്രക്കാർ രക്ഷപ്പെട്ടത്. റോഡിൽ മറ്റു വാഹനങ്ങൾ കുറവായതിനാൽ അപകടം സംഭവിച്ചില്ല. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ സമീപത്തെ സ്കൂളിലെയും അങ്കണവാടികളിലെയും വിദ്യാർഥികൾക്ക് ഉൾപ്പെടെ ഭീഷണിയാകുന്നതായി പരാതിയുണ്ട്.
കോട്ടുവള്ളി, കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളുടെ പരിധിയിൽ തെരുവുനായ ആക്രമണം അടിക്കടി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപത്തഞ്ചോളം പേർക്കാണു തെരുവുനായ്ക്കളുടെ കടിയേറ്റത്. അതിനാൽ തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ പറഞ്ഞു.പറവൂർ ∙ വടക്കേക്കര പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമെന്നു പരാതി.
കഴിഞ്ഞ ദിവസം ഒറൻതുരുത്ത് 12–ാം വാർഡിൽ താമസിക്കുന്ന ആഞ്ജനേയം വീട്ടിൽ പ്രദീപന്റെ ആടിനെ തെരുവുനായ കടിച്ചു കൊന്നു. രാവിലെ പ്രഭാത സവാരിക്ക് പോകുന്നവർ, വിദ്യാർഥികൾ എന്നിവർക്കെല്ലാം നടന്നു പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. തെരുവുനായ് ശല്യത്തിനെതിരെ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.ഡി.മധുലാൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.