കലൂർ സ്റ്റേഡിയത്തിലെ അപകടം അധികൃതരുടെ അനാസ്ഥമൂലം: മുഹമ്മദ് ഷിയാസ്
Mail This Article
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിലെ വേദിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരുക്കേറ്റ സംഭവം അധികൃതരുടെ അനാസ്ഥമൂലമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പതിനായിരത്തിലേറെ കുട്ടികളും അത്രത്തോളം തന്നെ രക്ഷകർത്താക്കളും പങ്കെടുത്ത പരിപാടിയെ അലംഭാവത്തോടെയാണ് സംഘാടകർ നോക്കിക്കണ്ടത്. മന്ത്രി സജി ചെറിയാനും മറ്റു ജനപ്രതിനിധികളും എഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയർമാനും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലാണ് ഇത്തരമൊരു അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുവിധത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. അപകടത്തിനുശേഷം പരസ്പരം പഴിചാരുകയാണ് ജിസിഡിഎയും സംഘാടകരും ചെയ്തത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും അനുമതിയില്ലാതെ എങ്ങനെ പരിപാടി സംഘടിപ്പിച്ചുവെന്നത് ഗൗരവമായ കാര്യമാണ്. മന്ത്രി ഉൾപ്പെടെ പങ്കെടുത്ത വേദിയുടെ സുരക്ഷയെപ്പറ്റി ഒരു ആകുലതയും പൊലീസിന് തോന്നിയില്ലെന്നത് അദ്ഭുതമാണ്. അപകടത്തിന് ശേഷവും എംഎൽഎയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിലും സംഘാടകർക്ക് വീഴ്ചയുണ്ടായി.
ഇത്രയും പേർ പങ്കെടുക്കുന്ന പരിപാടിക്ക് മെഡിക്കൽ സുരക്ഷാ മുൻകരുതൽ സംവിധാനങ്ങളും ഇല്ലായിരുന്നു. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങളും ഉയർന്നുവരുന്നു. ഇത്തരം ആരോപണങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണ്. അതുണ്ടാകാത്തപക്ഷം കോൺഗ്രസ് നിയമപരമായും അല്ലാതെയും പ്രതികരിക്കും’ – അദ്ദേഹം കൂട്ടിച്ചേർത്തു.