ഉമ തോമസ് വേദിയിലെത്തി മൂന്നാം മിനിറ്റിൽ അപകടം; വിശ്വസിക്കാനാകാതെ ജനം
Mail This Article
കൊച്ചി∙ എംഎൽഎ ഉമ തോമസ് വേദിയിലെത്തി മൂന്നാം മിനിറ്റിലായിരുന്നു അത്. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ളയ്ക്കു പിന്നാലെയാണ് എംഎൽഎ വേദിയിലേക്കെത്തിയത്. മുൻനിരയിൽ വന്നിരുന്ന ഉമ തോമസ്, മന്ത്രിയുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വേദിയുടെ ഇടത്തേയറ്റത്ത് ഇരിക്കുന്നതു കണ്ടാണു ചെറുപുഞ്ചിരിയോടെ എഴുന്നേറ്റു നിന്ന് അഭിവാദ്യം ചെയ്തത്.തുടർന്നു കസേരകൾക്കും ‘ക്യൂ മാനേജറിനും’ ഇടയിലെ അൽപസ്ഥലത്തു കൂടി മുന്നോട്ടു നടക്കാൻ തുനിഞ്ഞു. സപ്പോർട്ടിനായി പിടിച്ചതു ക്യൂ മാനേജറിന്റെ സ്റ്റെയിൻലസ് സ്റ്റീൽ കുറ്റിയിൽ. നാടകളുമായി ബന്ധിപ്പിച്ചിരുന്ന മൂന്നു കുറ്റികളും താഴേക്കു തെറിച്ചു വീണു. നിലതെറ്റിയ എംഎൽഎ ഒപ്പം താഴേക്കു വീണു. തല ശക്തിയായി അടിച്ചതു തറയിലിട്ടിരുന്ന കോൺക്രീറ്റ് തറയോടിൽ. കൺമുന്നിൽ നടന്നതു വിശ്വസിക്കാനാകാതെ വേദിയിലുണ്ടായിരുന്നവരെല്ലാം സ്തംഭിച്ചു നിന്നു.ഏതാനും നിമിഷങ്ങൾക്കു ശേഷമാണു പലർക്കും എന്താണു സംഭവിച്ചതെന്നു മനസ്സിലായത്.
വേദിയുടെ താഴെ നിന്നിരുന്നവർ പലരും ഒരു സ്ത്രീ വീണു കിടക്കുന്നതു കണ്ടു എന്നല്ലാതെ അത് എംഎൽഎ ആണെന്നോ ഉയരത്തിൽ നിന്നാണു വീണതെന്നോ മനസ്സിലായില്ല. തലയിൽ നിന്നു രക്തം വാർന്നൊഴുകി ഒരു മിനിറ്റോളം എംഎൽഎ ബോധമറ്റു നിലത്തു തന്നെ കിടന്നു. വേദിയുടെ അൽപം അകലെയായി സ്ഥാപിച്ചിരുന്ന ഉയരമുള്ള താൽക്കാലിക സ്റ്റാൻഡിൽ നിന്നു പരിപാടി കവർ ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകരാണ് അപകടം കണ്ട് ആദ്യം അലറി വിളിച്ചത്. ഇതോടെ എല്ലാവരും എംഎൽഎയ്ക്കു സമീപത്തേക്ക് ഓടിയെത്തി.
വേദിയിൽ നിന്നു താഴേക്ക് ഓടിയെത്തിയ സംഘാടകർ ആംബുലൻസ് കൊണ്ടു വരാൻ ആവശ്യപ്പെട്ടു.തുടർന്ന് എംഎൽഎയെ താങ്ങിയെടുത്തു ആംബുലൻസിലേക്കു മാറ്റി. ആഘോഷാന്തരീക്ഷത്തിൽ നടന്ന പരിപാടിയുടെ വേദി ഇതോടെ അൽപനേരത്തേക്കു മൂകമായി. മന്ത്രിയുൾപ്പെടെയുള്ളവർ വേദി വിട്ടില്ലെങ്കിലും കടുത്ത ആശങ്കയിലായിരുന്നു. ഫോണിലൂടെ ആശുപത്രി വിവരങ്ങൾ തുടർച്ചയായി അന്വേഷിക്കുന്ന തിരക്കിലായിരുന്നു വിശിഷ്ടാതിഥികൾ. വിവിധ രാജ്യങ്ങളിൽ നിന്ന് ഗിന്നസ് ഇവന്റിനായി നർത്തകരും ആയിരക്കണക്കിനാളുകളും എത്തിയിട്ടുള്ളതിനാൽ പരിപാടി നിർത്തിവയ്ക്കാൻ ആകാത്ത വിഷമസന്ധിയിലായിരുന്നു സംഘാടകർ.ഇതിനിടെ ഗിന്നസ് റെക്കോർഡിനായുള്ള നൃത്തപരിപാടിക്കു സ്റ്റേഡിയത്തിൽ തുടക്കമായി. എംഎൽഎ വീണ ഭാഗത്തിനു മുന്നിലായി താൽക്കാലിക സ്റ്റാൻഡ് നിർമിച്ചിരുന്നതിനാൽ ഗ്രൗണ്ടിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും അപകടത്തെപ്പറ്റി അറിഞ്ഞില്ല. പരിപാടി പൂർത്തിയായ ഉടൻ മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്കു പോയി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും തുടർന്നുള്ള കലാപരിപാടികളും സംഘാടകർ ഉപേക്ഷിക്കുകയും ചെയ്തു.