പുതുവത്സരം ഹാപ്പിയാക്കാൻ ജില്ല ഒരുങ്ങി; പപ്പാഞ്ഞിയെ കത്തിക്കുന്നത് ഇത്തവണ റിമോട്ടിൽ
Mail This Article
കൊച്ചി∙ പുതുവത്സരത്തെ വരവേൽക്കാൻ ജില്ല ഒരുങ്ങി. കടന്നുപോകുന്ന വർഷത്തിന്റെ പ്രതീകമായുള്ള പപ്പാഞ്ഞിമാർ പല രൂപത്തിലും പല ഭാവത്തിലും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിരന്നു കഴിഞ്ഞു. പുതുവർഷം പിറക്കുമ്പോൾ ഇവയെല്ലാം അഗ്നിക്കിരയാക്കും. ഫോർട്ട്കൊച്ചി, കാക്കനാട്, മലയാറ്റൂർ മലയടിവാരം, പള്ളുരുത്തി എന്നിവിടങ്ങളിൽ പപ്പാഞ്ഞിമാരെ അഗ്നിക്കിരയാക്കും.ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കാത്തതിനാൽ വെളി മൈതാനമാണ് ആഘോഷത്തിന്റെ കേന്ദ്ര ബിന്ദു. ഇവിടെ ഗാലാ ഡെ ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ രാത്രി 12ന് അഗ്നിക്കിരയാക്കും.
പപ്പാഞ്ഞിയെ കത്തിക്കുന്നത് ഇത്തവണ റിമോട്ടിൽ
അപകട സാധ്യത കുറയ്ക്കാൻ വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്നത് ഇത്തവണ റിമോട്ട് സംവിധാനത്തിലൂടെയാകും. പപ്പാഞ്ഞിയുടെ 10 മീറ്റർ അകലെ നിന്നാകും റിമോട്ട് പ്രവർത്തിപ്പിക്കുക. നടൻ വിനയ് ഫോർട്ട് പപ്പാഞ്ഞിക്കു തീ കൊളുത്തും. ചരിത്രത്തിൽ ആദ്യമായാണു റിമോട്ട് സംവിധാനം ഏർപ്പെടുത്തുന്നതെന്നു കൗൺസിലർ ബനഡിക്ട് ഫെർണാണ്ടസ് പറഞ്ഞു. ഹൈക്കോടതി നിർദേശാനുസരണമുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം മൈതാനത്തു സജ്ജമാക്കിയിട്ടുണ്ട്.
പരേഡ് മൈതാനത്തെ പപ്പാഞ്ഞി ഇന്ന്
ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന പപ്പാഞ്ഞിയുടെ നിർമാണം 90 ശതമാനം പൂർത്തിയായി. പപ്പാഞ്ഞിയുടെ ഇരുമ്പ് ചട്ടക്കൂട് പരേഡ് മൈതാനത്തു പൂർത്തിയായിട്ടുണ്ട്. ചിത്രകാരനായ ബോണി തോമസ് വരച്ചു നൽകിയ രൂപരേഖ അനുസരിച്ചാണു നിർമാണം. ആർട്ടിസ്റ്റ് അനിലിന്റെ നേതൃത്വത്തിലാണു നിർമാണം.
∙ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പള്ളുരുത്തിയിൽ എം.കെ. അർജുനൻ മാസ്റ്റർ ഓപ്പൺ എയർ ഗ്രൗണ്ടിൽ സ്ഥാപിച്ച കൂറ്റൻ പപ്പാഞ്ഞിയെ ഇന്നു രാത്രി കത്തിക്കും. പള്ളുരുത്തി കാർണിവലിനോടനുബന്ധിച്ചു കോർപറേഷൻ 13–ാം ഡിവിഷൻ കൗൺസിലർ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചെറുപ്പക്കാരാണു 26 അടി ഉയരമുള്ള പപ്പാഞ്ഞിയെ സ്ഥാപിച്ചത്. മരം കൊണ്ടു ഫ്രെയിം ഉണ്ടാക്കി കാർഡ്ബോർഡ് ഉപയോഗിച്ചായിരുന്നു നിർമാണം. 40,000 രൂപയാണു നിർമാണച്ചെലവ്.
∙ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷനിൽ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ ഇന്നു രാത്രി കത്തിക്കും. തൃക്കാക്കര കാർണിവലിന്റെ ഭാഗമായി സമീക്ഷ ക്ലബാണു കൂറ്റൻ പപ്പാഞ്ഞിയെ നിർമിച്ചത്. 300 മീറ്റർ തുണിയും ഇതര സാമഗ്രികളും ഉപയോഗിച്ചു പപ്പാഞ്ഞി ഉണ്ടാക്കാൻ രണ്ടേകാൽ ലക്ഷം രൂപ ചെലവായി. മാനാത്ത് കരീമിന്റെ നേതൃത്വത്തിൽ 12 പേർ ചേർന്നു 10 ദിവസം കൊണ്ടാണു പപ്പാഞ്ഞി ഉണ്ടാക്കിയത്. ഇന്നു രാത്രി 7ന് എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷനിൽ പുതുവത്സരാഘോഷം തുടങ്ങും. 8നു ഗാനമേള. 12നാണു പപ്പാഞ്ഞിയെ കത്തിക്കുക.
∙മലയാറ്റൂർ മലയടിവാരത്തു നക്ഷത്രത്തടാകം മെഗാ കാർണിവലിന്റെ ഭാഗമായി ഇന്ന് അർധരാത്രി പപ്പാഞ്ഞിയെ കത്തിക്കും. 76 അടി ഉയരത്തിൽ നിർമിച്ച പപ്പാത്തിയെ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് അഗ്നിക്കിരയാക്കുക. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മെട്രോ കൂടുതൽ സർവീസുകൾ
∙ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്കു കണക്കിലെടുത്ത് മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകിട്ടു തിരക്കേറിയ സമയത്തു ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. 31 നു രാത്രി 10.30 നു ശേഷവും സർവീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവീസ് നടത്തും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നു പുലർച്ചെ 1.30 നും ആലുവയിൽ നിന്നു 1.45 നും ആയിരിക്കും. ഇന്ന് ഉച്ചയ്ക്കു ശേഷം ഹൈക്കോടതി ജെട്ടിയിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വാട്ടർ മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകിട്ട് 7 മണി വരെ സർവീസ് തുടരും. വൈകിട്ട് 7ന് ശേഷം സർവീസ് നിർത്തും. വൈപ്പിനിലേക്കു സാധാരണ സർവീസ് രാത്രിയും തുടരും. രാത്രി 11.30നു ശേഷം വൈപ്പിനിൽ നിന്നു ഹൈക്കോടതി ജെട്ടിയിലേക്ക് 10 മിനിറ്റിൽ താഴെ ഇടവേളയിൽ സർവീസ് ഉണ്ടാകും. ഇതു പുലർച്ചെ 4 വരെയോ തിരക്കു തീരും വരെയോ തുടരും.