നഗരത്തിൽ സുരക്ഷാനടപടികൾ കടുപ്പിച്ച് പൊലീസ്: സുരക്ഷാവലയത്തിൽ പുതുവർഷാഘോഷം
Mail This Article
കൊച്ചി ∙ നഗരത്തിന്റെ പുതുവത്സരാഘോഷങ്ങൾക്കു കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്. പുതുവത്സരരാവിൽ വൻ തിരക്കുണ്ടാകുന്ന ഫോർട്ട്കൊച്ചിയിലും കൊച്ചി നഗരത്തിലും സുരക്ഷ ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരത്തഞ്ഞൂറോളം പൊലീസുകാർ രംഗത്തിറങ്ങും. ഇതിൽ 1000 പേരെയും ഫോർട്ട് കൊച്ചിയിലാകും വിന്യസിക്കുക. സിറ്റി ഡിസിപി കെ.എസ്.സുദർശൻ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും. 10 ഡിവൈഎസ്‌പിമാർ, 25 ഇൻസ്പെക്ടർമാർ, 60 എസ്ഐമാർ, 100 വനിത പൊലീസ് എന്നിവരുൾപ്പെടെ 1000 പേരാണു ഫോർട്ട്കൊച്ചിയിലുണ്ടാവുക.
വെളി ഗ്രൗണ്ടിലും പരിസരത്തും ഫോർട്ട്കൊച്ചിയുടെ വിവിധ ഭാഗങ്ങളിലുമായി നാനൂറോളം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചിയിലെ കൺട്രോൾ റൂമിൽ ഈ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും. നഗരത്തിലും സമീപത്തുമായി സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പരിധിയിലെ വിവിധ സ്റ്റേഷനുകളുടെ നേതൃത്വത്തിലാണു സുരക്ഷ ഒരുക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, മാലപൊട്ടിക്കൽ, മോഷണം തുടങ്ങിയവ തടയാൻ മഫ്തിയിൽ വനിതാ പൊലീസിനെയും ലഹരി ഉപയോഗം തടയാൻ ഡാൻസാഫ്, സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ഷാഡോ സിറ്റി വാരിയേഴ്സ് വിഭാഗങ്ങളെയും നിയോഗിക്കും.കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും മുഴുവൻ സമയ ബോട്ട് പട്രോളിങ്ങും ഉണ്ടാകും.
ഫോർട്ട്കൊച്ചിക്ക് സുരക്ഷയൊരുക്കും
ഫോർട്ട്കൊച്ചിയിലും പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിന്റെ പരിസരത്തും തിക്കും തിരക്കും ഒഴിവാക്കും. വെളി ഗ്രൗണ്ടിനു പരമാവധി 80,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ഇതിൽ കൂടുതൽ ജനം എത്തുന്ന സാഹചര്യമുണ്ടായാൽ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് ഇവരെ തിരിച്ചയയ്ക്കും. വെളി ഗ്രൗണ്ടിനെ ബാരിക്കേഡ് ചെയ്തു നാലു വിഭാഗമായി തിരിച്ചാകും ആളുകളെ പ്രവേശിപ്പിക്കുക. ഗ്രൗണ്ടിനുള്ളിലേക്കും പുറത്തേക്കും കടക്കാൻ ആവശ്യത്തിനു വഴികളും ഒരുക്കും. പപ്പാഞ്ഞിയെ കത്തിക്കുന്നതിനു ചുറ്റും കൃത്യമായ അകലത്തിൽ രണ്ടു തട്ടായി ബാരിക്കേഡ് ചെയ്തു ദ്വിതല സുരക്ഷ ഒരുക്കും. ഗ്രൗണ്ടിനു ചുറ്റും ബാരിക്കേഡുകളുണ്ടാകും. വൻതിരക്കിനിടെ വ്യാജ അപായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ചു സാമൂഹികവിരുദ്ധർ തിക്കും തിരക്കുമുണ്ടാക്കുന്നതു തടയാൻ കമാലക്കടവ്, ബീച്ച്, വെളി ഗ്രൗണ്ട്, വൈപ്പിൻ ജെട്ടി, വാസ്ക്കോ സ്ക്വയർ, ബിഒടി ഈസ്റ്റ് എന്നിവടങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
ജനക്കൂട്ടമുണ്ടാകുന്ന ഭാഗങ്ങളിലെല്ലാം അസ്കാലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ചു വെളിച്ചം ഉറപ്പാക്കി. വൈദ്യുതി മുടങ്ങാതിരിക്കാൻ ജനറേറ്റർ സംവിധാനവും ഏർപ്പെടുത്തി. പ്രാഥമിക ചികിത്സയ്ക്കും രക്ഷാപ്രവർത്തനത്തിനുമായി ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. 12 മണിക്ക് പുതുവത്സരാഘോഷം പൂർത്തിയായാൽ ഉടൻ ജനങ്ങളുടെ പുറത്തേക്കുള്ള യാത്ര സുഗമമാക്കുന്നതിനു ബാരിക്കേഡുകൾ മാറ്റി നിയന്ത്രണങ്ങൾ ഒഴിവാക്കും.
പാർക്കിങ്ങിന് 18 ഗ്രൗണ്ടുകൾ
ആഘോഷത്തിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി പരിസരങ്ങളിൽ 18 വലിയ പാർക്കിങ് ഗ്രൗണ്ടുകൾ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. ഇവ നിറഞ്ഞു കഴിഞ്ഞാൽപ്പിന്നെ ഫോർട്ട്കൊച്ചിയിലേക്കു വാഹനങ്ങൾ കടത്തിവിടില്ല. ഇതിനു ശേഷം എത്തുന്ന വാഹനങ്ങളെ ബിഒടി ഈസ്റ്റ് ജംക്‌ഷൻ, വെസ്റ്റ് ജംക്‌ഷൻ, സ്വിഫ്റ്റ് ജംക്‌ഷൻ, ഇടക്കൊച്ചി പാലം, പഷ്ണിത്തോട് പാലം, പെരുമ്പടപ്പ് പാലം സക്ഖത്ത് സൈഡ്, പുത്തൻ തോട് ജംക്‌ഷൻ, പപ്പങ്ങാമുക്ക്, ജോബ് ജംക്‌ഷൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ തടഞ്ഞു വഴിതിരിച്ചു വിടും. റോഡ്സൈഡിലും മറ്റുമുള്ള അനധികൃത പാർക്കിങ് കർശനമായി ഒഴിവാക്കാൻ നിരീക്ഷണത്തിനായി കൂടുതൽ ബൈക്ക് പട്രോളും ഏർപ്പെടുത്തും.
ലഹരിക്കെതിരെ കർശന നടപടി
മദ്യപിച്ചും ലഹരി ഉപയോഗിച്ചുമുള്ള ഡ്രൈവിങ് ഒഴിവാക്കാൻ രാത്രി 12ന് ശേഷം കർശന പരിശോധനയുണ്ടാകും. ആഘോഷം ലക്ഷ്യമിട്ടു നഗരത്തിലേക്കു ലഹരി കടത്തുന്നതു തടയാനുള്ള പ്രത്യേക പരിശോധനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. റെയ്ഡിൽ 4 കേസുകൾ റജിസ്റ്റർ ചെയ്യുകയും 5 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡിന്റെ ഭാഗമായി 165 ഗ്രാം കഞ്ചാവും പിടികൂടി.
രാത്രി 12ന് ശേഷം ബസ് സർവീസ്
പുതുവത്സരാഘോഷം പൂർത്തിയായാലുടൻ ജനങ്ങൾക്കു മടങ്ങാൻ ആവശ്യത്തിനു ബസ് സർവീസുകളും ഉറപ്പാക്കി. സ്വകാര്യ ബസ് അസോസിയേഷൻ താൽക്കാലിക പെർമിറ്റെടുത്ത 50 ബസുകൾ ഫോർട്ട് കൊച്ചിയിൽ നിന്നു പുറത്തേക്ക് പോകാൻ ഒരുക്കിയിട്ടുണ്ട്. സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളുടെ എണ്ണം ഇന്ന് അറിയിക്കും.