എന്തൊരു മീഡിയൻ ആണിത് ? സീബ്ര ലൈനിലൂടെ എത്തുന്നവർ മീഡിയൻ ചാടിക്കടക്കേണ്ട സ്ഥിതി
Mail This Article
കൂത്താട്ടുകുളം∙ എംസി റോഡിൽ കൂത്താട്ടുകുളം സെൻട്രൽ കവലയിലെ സീബ്ര ലൈനിലൂടെ എത്തുന്നവർ മീഡിയൻ ചാടിക്കടക്കേണ്ട സ്ഥിതിയാണ്. റോഡിനു നടുവിലെ മീഡിയന് ഇരുവശങ്ങളിലുമാണു സീബ്ര ലൈൻ വരച്ചിരിക്കുന്നത്. പ്രായമായവരും ഭിന്നശേഷിക്കാരും ഇതുമൂലം വലയുന്നു എന്നാണ് പരാതി.നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മീഡിയന്റെ ഉൾഭാഗത്ത് നട്ടിരിക്കുന്ന ചെടികൾ ചവിട്ടി മെതിച്ചു വേണം യാത്രക്കാർക്ക് അപ്പുറം എത്താൻ.പ്രായമായവർ ഈ ചെടികളിൽ തടഞ്ഞ് വീഴുന്ന സാഹചര്യവുമുണ്ട്. സൈക്കിളുമായി എത്തുന്നവർ റോഡിന്റെ പകുതി വരെ സീബ്ര ലൈനിലൂടെ കടന്ന ശേഷം മീഡിയൻ ചുറ്റി മറുവശത്തേക്ക് പോകേണ്ട സ്ഥിതിയാണ്.
അശാസ്ത്രീയത ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലർ പി.സി. ഭാസ്കരൻ പിഡബ്ല്യുഡി മെയ്ന്റനൻസ് വിഭാഗത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ നേരത്തെ ഉണ്ടായിരുന്ന സീബ്ര ലൈൻ പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്നും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ആവശ്യപ്പെട്ടാൽ മാത്രമേ നടപടി എടുക്കാനാകൂവെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.