ക്വട്ടേഷൻ കിട്ടിയത് കോയമ്പത്തൂരിൽ നിന്നെന്നു മൊഴി; കുരുമുളക് സ്പ്രേ അടിച്ച് 50 ലക്ഷം കവർന്ന സംഘത്തിലെ 6 പേർ പിടിയിൽ
Mail This Article
മരട് ∙ കുരുമുളക് സ്പ്രേ അടിച്ച് 50 ലക്ഷം രൂപ കവർന്ന ആറംഗ ക്വട്ടേഷൻ സംഘം പിടിയിൽ. ഇരിങ്ങാലക്കുട ചക്കരപ്പാടം പടിയൂർ കോഴിപ്പറമ്പിൽ അനന്തു (ബജിമോൻ-26), കൊടുങ്ങല്ലൂർ ഇടവിലങ്ങ് കാര നടുമുറിയിൽ അക്ഷയ്(26), കൊടുങ്ങല്ലൂർ പനങ്ങാട് എകെജി നഗർ അയനിപ്പുള്ളിയിൽ അനു (31), കൊടുങ്ങല്ലൂർ ശാന്തിപുരം എസ്എൻ പുരം പുതുമനപ്പറമ്പ് ഇലഞ്ഞിക്കൽ ഇ.എ. വിനോദ് (31), കൊടുങ്ങല്ലൂർ ശാന്തിപുരം എസ്എൻ പുരം പുതുമനപ്പറമ്പ് കുറത്തിരിയിൽ വൈശാഖ് (30), പോണ്ടിച്ചേരി സ്വദേശി ശശികുമാർ (30) എന്നിവരെയാണ് എസിപി പി. രാജ്കുമാറിന്റെ പ്രത്യേക സ്ക്വാഡും മരട് ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നു പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വൈറ്റില തൈക്കൂടത്ത് ധനകാര്യ സ്ഥാപനത്തിനു മുന്നിൽ 19നായിരുന്നു സംഭവമെങ്കിലും പരാതി കിട്ടിയത് 21നാണ്. പച്ചാളം സ്വദേശി അബിജു എന്നയാളിന്റെ കാറിൽ നിന്നാണു ക്വട്ടേഷൻ സംഘം പണം തട്ടിയെടുത്തത്. ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയ കാറിൽ ഉണ്ടായിരുന്ന അബിജുവിനെ സംഘം കുരുമുളക് സ്പ്രേ അടിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. കാർ ഡ്രൈവർക്ക് സ്പ്രേ കാര്യമായി ഏൽക്കാതിരുന്നതിനാൽ കാറുമായി അബിജു രക്ഷപ്പെട്ടു.
പണവുമായി അബിജു ഇവിടെ എത്തുമെന്ന് കൃത്യമായി അറിഞ്ഞാണ് ക്വട്ടേഷൻ സംഘം എത്തിയത്.ഹൈദരാബാദിൽ നിന്നാണു ക്വട്ടേഷൻ ലഭിച്ചത് എന്നാണു സംഘം പൊലീസിനോട് പറഞ്ഞത്. പിടിയിലായതിൽ 3 പേർ കൊലപാതക കേസിൽ പ്രതികളാണ്. സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊടൈക്കനാലിൽ നിന്നാണു ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്.ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നും സംഭവത്തെക്കുറിച്ചു കൂടുതൽ വസ്തുതകൾ വെളിപ്പെടാനുണ്ടെന്നും പൊലീസ് പറഞ്ഞു.