വാഹനക്കുരുക്കിൽ പെരുമ്പാവൂർ
Mail This Article
പെരുമ്പാവൂർ ∙ വാഹനക്കുരുക്കിൽപ്പെട്ട് ഒരു മണിക്കൂറിലധികം നഗരം സ്തംഭിച്ചു. എഎം റോഡിൽ കാലടി സിഗ്നൽ മുതൽ പട്ടാൽ വരെ വാഹനങ്ങളുടെ നിര നീണ്ടു. ഇതോടെ എംസി റോഡിലും കുരുക്കായി.രാവിലെ 10ന് തുടങ്ങിയ കുരുക്കാണ് ഒരു മണിക്കൂറിലധികം നീണ്ടത്. തിങ്കളാഴ്ച സാധാരണയുള്ള വാഹനങ്ങളുടെയും യാത്രക്കാരുടെയും കൂടുതലും പുതുവത്സര കച്ചവടവും ആണ് കാരണം. ഇതിനിടിയിൽ പലയിടത്തും വാഹനങ്ങളുടെ പിന്നിലും മുന്നിലും ഇടിച്ചു ചെറിയ അപകടങ്ങളും ഉണ്ടായി. ഇതും വാഹന സ്തംഭനത്തിനു കാരണമായി.എഎം റോഡിൽ വാഹനങ്ങൾ കുരുങ്ങിയതോടെ എംസി റോഡിലും കുരുക്കായി. ഇതോടെ നഗരം സ്തംഭിച്ചു.
കഴിഞ്ഞ ദിവസം മാർക്കറ്റ് ജംക്‌ഷനിൽ സിഗ്നൽ ജംക്‌ഷനിലേക്കു പ്രവേശിക്കാൻ നിര തെറ്റിച്ച് പ്രൈവറ്റ് ബസ് അടക്കം പാർക്ക് ചെയ്തതിനാൽ ആംബുലൻസിനു കടന്നു പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായി.പുഷ്പ ജംക്‌ഷനിലെ മഞ്ഞ വരയിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസ്ഥയാണ്. നഗരത്തിലെ വാഹനക്കുരുക്കു കുറയ്ക്കാൻ വിഭാവനം ചെയ്ത ടൗൺ ബൈപാസിന്റെ ഒന്നാം ഘട്ടം നിർമാണം അടുത്തയിടെ ആരംഭിച്ചു. ഒരു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.