തൃപ്പുണിത്തുറ സ്റ്റാച്യു – ഹോസ്പിറ്റൽ റോഡ്: നടപ്പാതയിൽ വാരിക്കുഴി!
Mail This Article
തൃപ്പൂണിത്തുറ ∙ സ്റ്റാച്യു ജംക്‌ഷനിൽ നിന്നു – ഹോസ്പിറ്റൽ റോഡിലൂടെ ഫുട്പാത്തിൽക്കൂടി പോവുകയാണെങ്കിൽ സൂക്ഷിക്കണം. നിങ്ങളെ കാത്ത് ചതിക്കെണി ഉണ്ടിവിടെ. സ്റ്റാച്യു – ഹോസ്പിറ്റൽ റോഡിലെ കെട്ടിട സമുച്ചയത്തിനു മുൻപിലെ കാനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. 2 ആഴ്ചയിൽ ഏറെയായി ഇതു തകർന്നു കിടക്കുകയാണ് എന്നാണ് ആക്ഷേപം. സ്ലാബ് പൊട്ടി കാനയിലേക്ക് തന്നെ താഴ്ന്നു നിൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. കുറെ ദൂരം നല്ല സ്ലാബിലൂടെ വരുമ്പോൾ ഇടയ്ക്ക് ഒരെണ്ണം തകർന്നു കിടക്കുന്നത് പെട്ടെന്നു ശ്രദ്ധയിൽ കിട്ടില്ല. അതുകൊണ്ടു തന്നെ താഴെ നോക്കി നടന്നില്ലെങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. സ്ലാബ് തകർന്ന ഭാഗത്ത് ചുവന്ന തുണി കെട്ടിയ കമ്പ് കുത്തി നിർത്തിയാണ് അപകട മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ഒട്ടേറെ കടകളുള്ള കെട്ടിട സമുച്ചയത്തിനു മുൻപിൽ തന്നെയാണ് ഈ സ്ലാബ് തകർന്നു കിടക്കുന്നത്. പൊളിഞ്ഞ കിടക്കുന്ന ഭാഗത്തു നിന്നും കാനയിലെ ദുർഗന്ധം ഇടയ്ക്കു വരുന്നത് ബുദ്ധിമുട്ടാകുന്നുണ്ട് എന്നു നാട്ടുകാർ ആരോപിക്കുന്നു.വാഹനത്തിരക്ക് ഏറെയുള്ള റോഡായതിനാൽ കാൽനടയാത്രക്കാർക്കു കാനകളുടെ മുകളിലുള്ള സ്ലാബുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ. സ്ലാബുകൾ തകർന്ന ഭാഗത്തു കാൽനടയാത്രികർ റോഡിലേക്ക് ഇറങ്ങുന്നതും അപകടങ്ങൾക്കു വഴിയൊരുക്കും. നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായിട്ടും അധികൃതർ ഇങ്ങോട്ടു തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർക്കുള്ള പ്രതിഷേധം ശക്തമാണ്. അപകടം ഉണ്ടായ ശേഷം നടപടിയെന്ന പതിവു ശൈലിയാണോ ഒരു സ്ലാബ് മാറ്റിയിടാൻ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.