അപകടം അധികൃതരുടെ അനാസ്ഥ മൂലം: ഡിസിസി പ്രസിഡന്റ്
Mail This Article
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്കു സംഭവിച്ച അപകടം അധികൃതരുടെ അനാസ്ഥ മൂലമാണെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സംഘാടകർ ഏർപ്പെടുത്തിയില്ല. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും അനുമതി ഇല്ലാതെ പരിപാടി എങ്ങനെ സംഘടിപ്പിച്ചു എന്നതു ഗൗരവമുള്ള കാര്യമാണ്. ആയിരങ്ങൾ പങ്കെടുത്ത പരിപാടിക്കു മെഡിക്കൽ, സുരക്ഷാ മുൻകരുതൽ സംവിധാനങ്ങൾ ഇല്ലായിരുന്നു. എംഎൽഎയെ ആശുപത്രിയിലെത്തിക്കുന്നതിലും സംഘാടകർക്കു വീഴ്ചയുണ്ടായി. അപകടത്തിനു ശേഷം സംഘാടകരും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും പരസ്പരം പഴി ചാരുകയാണ്. പതിനായിരത്തിലേറെ കുട്ടികളും അത്രത്തോളം രക്ഷാകർത്താക്കളും പങ്കെടുത്ത പരിപാടിയെ അലംഭാവത്തോടെയാണു സംഘാടകർ കൈകാര്യം ചെയ്തത്.
മന്ത്രി സജി ചെറിയാനും മറ്റു ജനപ്രതിനിധികളും എഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും ജിസിഡിഎ ചെയർമാനും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലാണ് അപകടം. മന്ത്രി ഉൾപ്പെടെ പങ്കെടുത്ത വേദിയുടെ സുരക്ഷയെപ്പറ്റി യാതൊരു ആകുലതയും പൊലീസിനു തോന്നാത്തത് അതിശയമാണ്. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ടു സംഘാടകർക്കെതിരെ സാമ്പത്തിക ആരോപണങ്ങളും ഉയരുന്നു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സംഭവ സ്ഥലം സന്ദർശിച്ചു.
വേദി നിർമിച്ചതിൽ വീഴ്ച:കമ്മിഷണർ
വേദി നിർമിച്ചതിലും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിലും സംഘാടകർക്കു വീഴ്ചയുണ്ടായെന്നു സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പരിപാടി നടക്കുന്ന വിവരം സംഘാടകർ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതു പ്രകാരം തിരക്കു നിയന്ത്രിക്കാൻ സ്റ്റേഡിയത്തിനു പുറത്തു പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇൻസ്പെക്ടർമാരും എസ്ഐമാരും ഉൾപ്പെടെ 43 പൊലീസുകാരെയും സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിച്ചു. ഇതിനു പുറമേ സംഘാടകർ 150 വൊളന്റിയർമാരെയും നിയോഗിച്ചിരുന്നു. എന്നാൽ, ഉദ്ഘാടനച്ചടങ്ങിനായി താൽക്കാലിക വേദി നിർമിച്ചത് അനധികൃതമായാണ്. സ്വകാര്യ പരിപാടികളിൽ പൊലീസ് സാധാരണ നടത്താറുള്ള പരിശോധനകളെല്ലാം നടത്തി. മന്ത്രിമാർ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ മാത്രമേ പൊലീസിന്റെ കർശന പരിശോധന ഉണ്ടാകാറുള്ളൂ എന്നും കമ്മിഷണർ പറഞ്ഞു.
സുരക്ഷാവീഴ്ച ഉണ്ടായെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ ∙ ഉമ തോമസ് എംഎൽഎ അപകടത്തിൽപെട്ട കൊച്ചി കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ സുരക്ഷാവീഴ്ചയുണ്ടായെന്നു മന്ത്രി സജി ചെറിയാൻ. ‘വേദിക്കു ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ എന്റെ ഗൺമാൻ ഉൾപ്പെടെ അതു ചൂണ്ടിക്കാട്ടിയതാണ്.ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ കരുതിയില്ല. എംഎൽഎ വീഴുന്നതു കുറച്ചുപേർ മാത്രമേ കണ്ടുള്ളൂ. ആശുപത്രിയിൽ എത്തിയ ശേഷമാണു പരുക്കുകളുടെ ഗൗരവം മനസ്സിലായത്. സങ്കടകരമായ സംഭവമാണത്. ഉമ തോമസിന്റെ ചിരിക്കുന്ന മുഖമാണു മനസ്സിൽ. അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. 8 മിനിറ്റുള്ള പരിപാടിയുടെ തുടക്കത്തിലാണ് അപകടം. അതു കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ഇറങ്ങി. പരിപാടി തുടർന്നില്ലെന്നാണ് അറിവ്. കൂടുതൽ അറിയില്ല.പരിപാടിയുമായി ബന്ധപ്പെട്ട പണപ്പിരിവു സംബന്ധിച്ച പ്രശ്നങ്ങൾ പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. അതു നമ്മൾ ഇടപെടേണ്ട വിഷയമല്ല’ – മന്ത്രി പറഞ്ഞു.
യുഡിഎഫ് ഡിജിപിക്ക് പരാതി നൽകി
കൊച്ചി∙ ഉമ തോമസ് എംഎൽഎക്കു ഗാലറിയിൽ നിന്നു വീണു ഗുരുതര പരുക്കേറ്റ സംഭവത്തിൽ യുഡിഎഫ് തൃക്കാക്കര നിയോജക മണ്ഡലം ചെയർമാൻ ജോസഫ് അലക്സ് ഡിജിപിക്ക് പരാതി നൽകി. ജിസിഡിഎ അധികൃതർക്കെതിരെ കേസെടുക്കാത്തതിനാലും സംഘാടകർക്കെതിരെ എടുത്ത കേസിൽ ജാമ്യം കിട്ടാവുന്ന ദുർബല വകുപ്പുകൾ ചേർത്തതിനാലുമാണ് ഡിജിപിക്ക് പരാതി നൽകിയതെന്നു ജോസഫ് അലക്സ് പറഞ്ഞു. അന്വേഷണതിനായി ഡിജിപി പരാതി ഐജിക്കു കൈമാറി.
സുരക്ഷയുടെ ഉത്തരവാദിത്തം ജിസിഡിഎയ്ക്കും:ഹൈബി ഈഡൻ എംപി
കൊച്ചി∙ കായികേതര പരിപാടികൾക്ക് സ്റ്റേഡിയം കൊടുക്കുമ്പോൾ അതിന്റെ സുരക്ഷ പരിശോധിക്കാനുള്ള ഉത്തരവാദിത്തം ജിസിഡിഎ ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഹൈബി ഈഡൻ എംപി. ജിസിഡിഎ ബജറ്റിൽ കായികേതര പരിപാടികൾക്കു സ്റ്റേഡിയം നൽകാമെന്ന തീരുമാനമുണ്ട്. എന്നാൽ ഇവിടെ സേഫ്റ്റി പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല. ഈ വിഷയത്തിൽ ഉത്തരവാദികൾ ജിസിഡിഎയുടെ എൻജിനീയറിങ് വിങ്ങിലെ ഉദ്യോഗസ്ഥരാണ്. സ്റ്റേഡിയം വാടകയ്ക്കെടുത്തവർ അവിടെ നടത്തുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും എൻജിനീയറിങ് വിഭാഗം പരിശോധിക്കണമായിരുന്നു. ഗുരതരമായ വീഴ്ചയാണിതെന്നും എംപി പറഞ്ഞു.
സുരക്ഷ സംഘാടകരുടെ ഉത്തരവാദിത്തം: ജിസിഡിഎ
കൊച്ചി ∙ ഗിന്നസ് റെക്കോഡിനായുള്ള നൃത്തപരിപാടിയുടെ വേദിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നതു സംഘാടകരുടെ ഉത്തരവാദിത്തമെന്നു ജിസിഡിഎ. പരിപാടി നടത്തുന്നതിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കേണ്ടതും പരിപാടിക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പാടാക്കേണ്ടതും സംഘാടകരുടെ ഉത്തരവാദിത്തമാണെന്നു പരിപാടിക്കായി സ്റ്റേഡിയം അനുവദിച്ചുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.12000 കുട്ടികൾ പങ്കെടുക്കുന്ന നൃത്ത പരിപാടിക്ക് അനുമതി ചോദിച്ച് ഓഗസ്റ്റ് 23 നാണ് മൃദംഗ വിഷൻ അപേക്ഷ നൽകിയത്. ഡിസംബർ 29 ന് ഒരു ദിവസത്തേക്കാണു സ്റ്റേഡിയം ചോദിച്ചത്. ഒക്ടോബർ 16 ന് സ്റ്റേഡിയം അലോട്ട് ചെയ്തുള്ള കത്ത് നൽകി. നവംബറിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഇത് അംഗീകരിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്കു ജിസിഡിഎ ഉത്തരവാദിയായിരിക്കില്ലെന്നും അലോട്ട്മെന്റ് ലെറ്ററിൽ വ്യക്തമാക്കിയിരുന്നു.
സ്റ്റേഡിയത്തിലെ സ്ഥിരം നിർമിതികളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി അടക്കമുള്ള കാര്യങ്ങൾ ജിസിഡിഎ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപു മാത്രമാണു 2 തട്ടുകളായി സംഘാടകർ താൽക്കാലിക സ്റ്റേജ് നിർമിച്ചത്. ഇതിൽ തറനിരപ്പിൽ നിന്നും 3.2 മീറ്റർ ഉയരത്തിലുള്ള താഴെ തട്ടിലുള്ള സ്റ്റേജിൽ 2 നിരയായി കസേരകൾ ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് എംഎൽഎ താഴെ വീണത്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജിസിഡിഎയുടെ സേഫ്റ്റി പ്രോട്ടോകോൾ പരിഷ്കരിക്കുമെന്നു ജിസിഡിഎ അറിയിച്ചു. പൊലീസ്, കൊച്ചി കോർപറേഷൻ, ഫയർഫോഴ്‌സ്, ദുരന്തനിവാരണ അതോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ ഏകോപനവും സേവനവും ഇത്തരം പരിപാടികളിൽ മേലിൽ ഉറപ്പുവരുത്തും.
സംഘാടകരുടെ പ്രവർത്തനം ദുരൂഹമെന്നു നാട്ടുകാർ
മേപ്പാടി (വയനാട്)∙ ഉമ തോമസ് എംഎൽഎ സ്റ്റേജിൽ നിന്നു വീണ് പരുക്കേറ്റ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം. കൊച്ചിയിൽ 12,000 നർത്തകർക്കു ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷൻ പ്രവർത്തിക്കുന്നതു ടൗണിലെ ചെറിയ കടമുറിയിലാണ്. പോസ്റ്റ് ഓഫിസ് ബിൽഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്സിലാണ് ഈ കടമുറി. സ്ഥാപനത്തിനു പുറത്ത് ആകെയുള്ളതു മൃദംഗവിഷൻ എന്നെഴുതിയ ബോർഡ് മാത്രം. 2 പേർ വല്ലപ്പോഴും ഓഫിസിൽ വരാറുണ്ടെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു.
മാഗസിൻ നിർമാണമാണെന്നാണ് ഇവർ പറഞ്ഞതെന്നും വ്യാപാരികൾ പറയുന്നു. 2 വർഷത്തിലധികമായി സ്ഥാപനം ഇവിടെയുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും വ്യാപാരികൾ പറഞ്ഞു. റിഖോഷ് കുമാറാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും ഇയാൾ വല്ലപ്പോഴും വരാറുണ്ടെന്നും കെട്ടിട ഉടമ അറിയിച്ചു. 2 കസേരകളും മേശയും മാത്രമാണ് ഓഫിസിലുള്ളത്. പഴയ നിർമാണ സാധനങ്ങൾ കൂട്ടിയിട്ട നിലയിലാണ്. മൃദംഗവിഷൻ ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിെനക്കുറിച്ചു നാട്ടുകാർക്ക് അറിയില്ല. പഞ്ചായത്ത് അധികൃതർക്കും സ്ഥാപനത്തെക്കുറിച്ച് ധാരണയില്ല.