അപകട കെണിയായി റോഡരികിലെ കനാൽ
Mail This Article
മലയാറ്റൂർ∙ അടിവാരത്തേക്കുള്ള വഴിയിൽ കാടപ്പാറയിൽ റോഡരികിലെ കനാൽ വൻ അപകട കെണിയായി. ഇടതുകര കനാലും റോഡും തമ്മിൽ അതിരുകളില്ലാത്ത അവസ്ഥയാണ്. സംരക്ഷണ ഭിത്തിയോ മറ്റു സുരക്ഷാ സംവിധാനമോ ഇവിടെയില്ല. നേരത്തെയും സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇപ്പോൾ ബിഎംബിസി നിലവാരത്തിൽ റോഡ് വീതി കൂട്ടി ടാറിങ് നടത്തിയപ്പോൾ കനാലിനോട് ചേർന്നു തന്നെയാണ് റോഡ് പോകുന്നത്. റോഡരികിൽ കനാൽ ഉണ്ടെന്ന മുന്നറിയിപ്പും ഇവിടെയില്ല. റോഡരിക് ചേർന്നു പോകുന്ന വാഹനങ്ങൾ അൽപമൊന്ന് അരികിലേക്ക് നീങ്ങിയാൽ 6 അടിയോളം താഴ്ചയുള്ള കനാലിലേക്കായിരിക്കും പതിക്കുന്നത്.
ഇരുചക്ര വാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ഭയപ്പെടുന്നത്. വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹന യാത്രക്കാർക്ക് പലപ്പോഴും അരിക് ഒതുക്കുകയോ വാഹനം നിർത്തി കാൽകുത്തി നിൽക്കുകയോ വേണ്ടി വരും. കനാലിനും റോഡിനും ഇടയിൽ സ്ഥലം ഇല്ലാത്തതിനാൽ കാൽനടക്കാർക്ക് സഞ്ചരിക്കാൻ മാർഗമില്ല. വാഹനങ്ങൾ വരുമ്പോൾ അവർക്ക് ഒതുങ്ങി മാറാൻ പറ്റില്ല. ധാരാളം സ്കൂൾ വിദ്യാർഥികൾ നടന്നു പോകുന്ന വഴിയാണിത്. റോഡ് നന്നായതോടെ വാഹനങ്ങൾ അതിവേഗത്തിലുമാണ് വരുന്നത്.
തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും വെളിച്ചം കുറവാണ്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡരികിലെ വീട്ടുകാരും ഭയപ്പാടിലാണ്. മലയാറ്റൂർ തീർഥാടനക്കാലത്ത് ഇതുവഴി നിരന്തരം വാഹനങ്ങളായിരിക്കും. കൂടാതെ മണപ്പാട്ടുചിറ, മഹാഗണിത്തോട്ടം എന്നിവിടങ്ങളിലേക്ക് ധാരാളം വിനോദ സഞ്ചാരികളും നിത്യേന ഇതുവഴി വരുന്നു. അതിനാൽ റോഡരികിൽ റോഡിനും കനാലിനും ഇടയിൽ സുരക്ഷാ സംവിധാനമില്ലാത്തത് വലിയ ആശങ്ക ഉളവാക്കുന്നു. അടിയന്തരമായി സംരക്ഷണ മതിൽ കെട്ടി അപകട സാധ്യത ഒഴിവാക്കണമെന്ന് സമന്വയ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.