വാഹനാപകടം: 4 പേർക്ക് ഗുരുതര പരുക്ക്
Mail This Article
ആലങ്ങാട് ∙ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 4 പേർക്കു ഗുരുതര പരുക്ക്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി തുകലിൽ വീട്ടിൽ നബീസ (65) റഹ്മത്ത് (40) കുഞ്ഞുമോൻ (41) വിനി (37) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 8ന് ആലുവ– പറവൂർ റോഡിൽ സിമിലിയ ഭാഗത്തു വച്ചാണ് അപകടം. മഞ്ഞപ്പെട്ടിയിൽ നിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണു സിമിലിയ ഭാഗത്ത് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചത്. ഉടനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
ഗുരുതര പരുക്കേറ്റ നാലു പേരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നബീസയ്ക്കു തുടയെല്ലിനും വിനിയ്ക്കു തലയ്ക്കും കാലിനും ഗുരുതര പരുക്കുണ്ട്. ഒരു വാഹനം പൂർണമായും തകർന്നു. എതിർദിശയിൽ വന്ന കാറിലെ ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ഇതിനു സമീപത്തായി ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചിരുന്നു. ആലുവ– പറവൂർ റോഡിൽ സുരക്ഷാക്രമീകരണങ്ങളുടെ കുറവുമൂലം അടിക്കടി അപകടം സംഭവിക്കുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം അപകടങ്ങളാണ് ആലുവ– പറവൂർ റോഡിൽ നടന്നത്.പൊലീസ് സംഭവസ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്നു നീക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.