മണ്ണുമാന്തി യന്ത്രവുമായി എത്തി; ഒറ്റ രാത്രിയിൽ പൊളിച്ചടുക്കിയത് 80 തട്ടുകടകൾ
Mail This Article
കാക്കനാട്∙ തൃക്കാക്കര നഗരസഭാധികൃതരും പൊലീസും ചേർന്ന് ഒറ്റരാത്രികൊണ്ട് പൊളിച്ചുനീക്കിയത് എൺപതോളം തട്ടുകടകൾ. ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതിയെത്തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിലെയും സിവിൽ ലൈൻ റോഡിലെയും തട്ടുകടകളാണു നീക്കം ചെയ്തത്. ശനിയാഴ്ച രാത്രി 10ന് രണ്ട് സ്ക്വാഡുകളായി ഇറങ്ങിയ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇന്നലെ രാവിലെ ആറുമണിയോടെ ആദ്യഘട്ടം പൊളിക്കൽ പൂർത്തിയാക്കി.
ശേഷിക്കുന്ന തട്ടുകടകൾ ഈ ആഴ്ച തന്നെ നീക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. പടമുകൾ, കുന്നുംപുറം, എൻജിഒ ക്വാർട്ടേഴ്സ്, ഓലിമുകൾ, കലക്ടറേറ്റ് ജംക്‌ഷൻ, ടിവി സെൻ്റർ, ഈച്ചമുക്ക്, ജില്ലാ ജയിൽ പരിസരം, ചിറ്റേത്തുകര, രാജഗിരി റോഡ്, തുടങ്ങിയ ഇടങ്ങളിൽ റോഡരികിൽ സ്ഥാപിച്ച കടകളെല്ലാം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി. സീപോർട്ട് റോഡിലും സിവിൽ റോഡിലും വൻ ഗതാഗതക്കുരുക്കു രൂപപ്പെട്ടതോടെയാണു തട്ടു കടകൾക്കെതിരെ ആക്ഷേപം ഉയർന്നത്.
ചില തട്ടുകടകൾ കേന്ദ്രീകരിച്ചു ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നതായും പരാതിയുണ്ടായിരുന്നു. പൊളിച്ച കടകൾ വീണ്ടും സ്ഥാപിക്കാതിരിക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസുള്ള കടകളും പൊളിച്ചതായി കച്ചവടക്കാർ പരാതിപ്പെട്ടു.