പൈപ്പ് നന്നാക്കി: കുമ്പളത്ത് ജലവിതരണം പുനരാരംഭിച്ചു
Mail This Article
കുമ്പളം ∙ തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി തകർന്ന ശുദ്ധജല പൈപ്പ് നന്നാക്കി. കുമ്പളത്ത് ജലവിതരണം പുനരാരംഭിച്ചു. ലക്ഷ്മീനാരായണ ടെംപിൾ റോഡിൽ റെയിൽവേ ക്രോസിനു സമീപം പാടത്ത് വെള്ളത്തിനടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു 160 എംഎം പിവിസി പൈപ്പ് പൊട്ടിയത്.
അറ്റകുറ്റപ്പണിയുടെ തുക സംബന്ധിച്ച് തർക്കം നീണ്ടതിനാൽ ശനിയാഴ്ച നന്നാക്കാനായില്ല. ഇന്നലെ രാവിലെ തന്നെ പണി ആരംഭിച്ചെങ്കിലും വേലിയേറ്റം തടസ്സമായി. ഈ ഭാഗത്തേക്കുള്ള ജല വിതരണം നിയന്ത്രിക്കുന്ന വാൽവിന്റെ തകരാർ കാരണം വെള്ളം വന്നുകൊണ്ടിരിക്കേ തന്നയായിരുന്നു അറ്റകുറ്റപ്പണി.
ഒന്നര മീറ്ററോളം പൈപ്പും തകരാറിലായ എൽബോയും മാറ്റിട്ടു. ഉച്ചയ്ക്ക് രണ്ടോടെ ജല വിതരണം പുനരാരംഭിക്കാനായി. പൊട്ടിയ പൈപ്പിലൂടെ മലിന ജലം കടന്നിട്ടുള്ളതിനാൽ ആദ്യം എത്തുന്ന ജലം ഉപയോഗിക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.