ആൾതാമസമില്ലാത്ത വീട്ടിലെ റഫ്രിജറേറ്ററിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ചാക്കിൽ കെട്ടിയനിലയിൽ
Mail This Article
ചോറ്റാനിക്കര∙ എരുവേലി പാലസ്‍ സ്ക്വയറിൽ 25 വർഷത്തിലേറെയായി ആൾതാമസമില്ലാത്ത വീട്ടിലെ റഫ്രിജറേറ്ററിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചോറ്റാനിക്കര പഞ്ചായത്ത് എട്ടാം വാർഡിലെ പാലസ്‍ സ്ക്വയർ-പൈനുങ്കൽപ്പാറ റോഡിനു സമീപത്തെ 14 ഏക്കറിലുള്ള വീട്ടിലെ റഫ്രിജറേറ്ററിൽ 2 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ വീട്ടിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം ഇന്ദിര ധർമരാജൻ പരാതി അറിയിച്ചതിനെ തുടർന്നാണ് ചോറ്റാനിക്കര പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
തുറന്നു കിടന്ന വീട്ടിലെ പരിശോധനയ്ക്കിടെയാണ് ഉള്ളിലുണ്ടായിരുന്ന ഉപയോഗശൂന്യമായ റഫ്രിജറേറ്ററിൽ തലയോട്ടിയും വാരിയെല്ലുകളും അടക്കമുള്ള വലിയ അസ്ഥികൾ ഒരു ചാക്കിലും ചെറിയ അസ്ഥികൾ മറ്റൊരു ചാക്കിലുമായി കണ്ടെത്തിയത്. കൈ വിരലുകളുടെ അസ്ഥികൾ പ്ലാസ്റ്റിക് കവറിൽ പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ചിരുന്നു. നട്ടെല്ലിന്റെ കശേരുക്കൾ നൂലു കോർത്തു കെട്ടിവച്ച നിലയിലാണ്. ലഭിച്ച അസ്ഥികൾക്കു വർഷങ്ങളുടെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. പുരുഷന്റേതോ സ്ത്രീയുടേതോ എന്നു വ്യക്തമായിട്ടില്ല. കൊച്ചിയിൽ താമസിക്കുന്ന ഡോക്ടറുടേതാണു വീട്.
ഇദ്ദേഹത്തെ പൊലീസ് വിളിച്ചു വരുത്തി വിവരങ്ങൾ തേടി. അസ്ഥി എങ്ങനെ വീടിനുള്ളിലെത്തി എന്നറിയില്ലെന്ന് ഉടമ പൊലീസിനോടു പറഞ്ഞു. വീട്ടിൽ നിന്നു താമസം മാറിയിട്ട് 25 വർഷമായെന്നും 15 വർഷമായി ഇവിടേക്കു വരാറില്ലെന്നും ഉടമ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അസ്ഥികളും തലയോട്ടിയും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഇതിനു ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തു ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ കെ.എൻ.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
‘അസ്ഥികൂടം കണ്ടെത്തിയ വീട് സാമൂഹിക വിരുദ്ധരുടെ താവളം’
ചോറ്റാനിക്കര ∙ അസ്ഥികൂടം കണ്ടെത്തിയ വീടും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമെന്നു പഞ്ചായത്തംഗം. 25 വർഷത്തോളമായി പൂട്ടിക്കിടിക്കുന്ന വീട്ടിൽ 15 വർഷം മുൻപു വരെ ഉടമയായ ഡോക്ടറും കുടുംബവും വല്ലപ്പോഴും താമസിക്കാൻ എത്തുമായിരുന്നു. വർഷങ്ങളായി ആരും നോക്കാതെ കിടക്കുന്നതിൽ 14 ഏക്കറിലുള്ള വീടും പരിസരവും നിലവിൽ കാടിനു സമാനമാണ്. ചുറ്റും വലിയ മരങ്ങളും കാടും നിറഞ്ഞതിനാൽ ശ്രദ്ധിക്കപ്പെടില്ല.
ഇതാണു വീടു സാമൂഹികവിരുദ്ധരുടെ താവളമാകാൻ കാരണം. പുതുവത്സര രാത്രിയിൽ ഇവിടെ വലിയ ബഹളം നടന്നെന്നു നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണു പഞ്ചായത്തംഗം ഇന്ദിര ധർമരാജൻ സ്ഥലം നിരീക്ഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ, വീട്ടിലെ സ്വീകരണ മുറിയിൽ കിടന്ന ഉപയോഗശൂന്യമായ റഫ്രിജറേറ്ററിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. വീടു പൊളിച്ചുകളയാൻ തീരുമാനിച്ചിരിക്കെയാണു സംഭവമെന്ന് ഉടമ പറഞ്ഞു.