ADVERTISEMENT

കാക്കനാട്∙ ആർടിഒയെ അറിയിക്കാതെ പൊളിച്ചു വിറ്റവ ഉൾപ്പെടെ നികുതി കുടിശികയുള്ള അയ്യായിരത്തോളം വാഹനങ്ങളുടെ ഉടമകൾക്കെതിരെ ജപ്തി നടപടി ശക്തമാക്കി മോട്ടർ വാഹന വകുപ്പ്. കലക്ടറുടെ സഹായത്തോടെ ജപ്തി ചെയ്തു നികുതി കുടിശിക ഈടാക്കാനാണ് നടപടി. ഭൂരിഭാഗം പേർക്കും നോട്ടിസ് നൽകിക്കഴിഞ്ഞു. പഴയ വാഹനങ്ങളുടെ 11 കോടി രൂപയോളം നികുതി കുടിശിക ജില്ലയിൽ നിന്നു പിരിച്ചെടുക്കാനുണ്ടെന്നാണ് കണക്ക്. 

വാഹനമോ മറ്റു വസ്തുവകകളോ ജപ്തി ചെയ്തിട്ടാണെങ്കിലും നികുതി കുടിശിക ഈടാക്കാനാണു തീരുമാനം. കുടിശിക വാഹനങ്ങളിൽ പകുതിയോളം ആർടിഒയുടെ അനുമതിയില്ലാതെ പൊളിച്ചു വിറ്റവയാണെന്നു സംശയിക്കുന്നു. ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും പ്രതികരിക്കാത്തതിനെ തുടർന്നാണ് ജപ്തി നോട്ടിസുമായി മോട്ടർ വാഹന വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്.

എറണാകുളം ആർടിഒയുടെ പരിധിയിലുള്ള കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, പറവൂർ, മട്ടാഞ്ചേരി മേഖലകളിൽ നിന്നുമാണ് കൂടുതൽ കുടിശിക പിരിഞ്ഞു കിട്ടാനുള്ളത്. നിയമമറിയാതെ വാഹനം കണ്ടം ചെയ്തവരാണ് കുരുക്കിലായിരിക്കുന്നത്. വാഹനങ്ങൾ വിറ്റു പോയെങ്കിലും രേഖയിൽ ഉടമസ്ഥാവകാശം മാറാത്തവരും  പട്ടികയിലുണ്ട്.

കുടിശികക്കാർക്ക് അയയ്ക്കുന്ന നോട്ടിസിൽ പകുതിയും ഉടമകൾ കൈപ്പറ്റാതെ ആർടി ഓഫിസിൽ മടങ്ങിയെത്തുന്നത് അധികൃതരെ കുഴക്കുന്നുണ്ട്. ഇവരിൽ പലരും നാട്ടിലുള്ളവരും വ്യക്തമായ വിലാസക്കാരുമാണെന്നു കണ്ടെത്തിയിട്ടുള്ളതിനാൽ  ഇവർക്കു നേരിട്ടു നോട്ടിസ് നൽകും.  പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കും മുൻപ് അനുമതി വാങ്ങണമെന്ന് അധികൃതർ പറഞ്ഞു. ഉടമസ്ഥാവകാശം മാറ്റിയ ശേഷമേ വാഹനങ്ങൾ കൈമാറാൻ പാടുള്ളു. 

ഹരിത നികുതിയും അടയ്ക്കുന്നില്ല; കുടിശിക ഈടാക്കാൻ നടപടി 
ഉപയോഗത്തിലിരിക്കുന്ന 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ നിന്നു ഹരിത നികുതി കുടിശിക ഈടാക്കാനും നടപടി തുടങ്ങി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളൊഴികെ മറ്റെല്ലാ വാഹനങ്ങളും 15 വർഷം പൂർത്തിയാക്കിയ ദിവസം മുതൽ ഹരിത നികുതി അടക്കണം. 200 മുതൽ 400 വരെ രൂപയാണ് ഹരിത നികുതി നിരക്ക്. ഉടമകൾക്ക് ആർടി ഓഫിസിൽ നിന്ന് നോട്ടിസ് അയയ്ക്കുന്നതിനു പുറമേ ഫോണിലും കുടിശിക വിവരം വിളിച്ച് അറിയിക്കുന്നുണ്ട്. അറിയിപ്പ് കിട്ടിയില്ലെങ്കിലും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഹരിത നികുതി അടച്ചെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ പറഞ്ഞു.

English Summary:

Vehicle tax arrears in Kerala: The Motor Vehicles Department in Kakkanad is intensifying its efforts to recover ₹11 crore in outstanding vehicle tax dues from almost 5,000 owners. This includes those who illegally scrapped their vehicles without informing the RTO, prompting seizure proceedings and further action to recover the owed taxes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com