വേലിയേറ്റം : വീടുകൾ വെള്ളത്തിൽ മുങ്ങി
Mail This Article
അരൂർ∙പുലർച്ചേയുള്ള വേലിയേറ്റം മൂലം തീരപ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകൾ വെള്ളക്കെട്ടു ഭീഷണിയിൽ . പൊഴിച്ചാലുകളോടു ചേർന്നു കിടക്കുന്ന പല വീടുകളും വെള്ളത്തിൽ മുങ്ങി. കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കൽ , ചെല്ലാനം, പൊഴിച്ചിറ കോളനി , എഴുപുന്ന , പള്ളിത്തോട്, വടക്കേക്കാട് കോളനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് വേലിയേറ്റ സമയങ്ങളിൽ കായൽ വെള്ളം കയറുന്നത്.പുലർച്ചെ തുടങ്ങുന്ന വേലിയേറ്റം ഉച്ചയ്ക്കു ശേഷമാണ് കുറയുന്നത്.
പൊഴിച്ചാലുകൾക്കു സമീപമുള്ള വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് കായൽ വെള്ളം ഇരച്ചുകയറാൻ കാരണമാകുന്നത്. ഉപ്പു കലർന്ന കായൽ വെള്ളം ഇങ്ങനെ തുടർച്ചയായി കയറുന്നതു മൂലം പ്രദേശങ്ങളിലെ പല വീടുകളും ജീർണാവസ്ഥയിലാണ്. വെള്ളക്കെട്ടുമൂലം വീടുകളിൽ ഭക്ഷണം പാകം ചെയ്യുവാൻ പോലും കഴിയുന്നില്ല. അന്ധകാരനഴി മണ്ണു വന്നു അടഞ്ഞുകിടക്കുകയാണ്.മണ്ണു നീക്കം ചെയ്തു തുറന്നാൽ മാത്രമേ വെള്ളക്കെട്ടു ഒഴിവാകുകയുള്ളു.
വീടുകളെ സംരക്ഷിക്കുന്ന തരത്തിൽ കരിങ്കൽ ഭിത്തി നിർമിക്കണമെന്നാവശ്യത്തിനു വർഷങ്ങളായിട്ടും നടപടിയില്ലെന്നു കായലോരവാസികൾ പറഞ്ഞു.അരൂർ പഞ്ചായത്തിലെ വെളുത്തുള്ളി കോളനി, ബണ്ട്, കണ്ണച്ചാംതുരുത്ത്, ആഞ്ഞിലിക്കാട്, കെൽട്രോൺ, അരൂർമുക്കംകോളനി, കോട്ടപ്പുറം, ഇളയപാടം കുമ്പഞ്ഞി, വട്ടക്കേരി തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലായി. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല. കിടപ്പ് രോഗികളും ദുരിതത്തിലായി. അടിയന്തരമായി വെള്ളം കയറി ദുരിതത്തിലായ പുരയിടങ്ങൾ മണ്ണിട്ട് ഉയർത്താൻ ധനസഹായം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പശ്‌ചിമ കൊച്ചി: പരിഹരം വേണം
പള്ളുരുത്തി∙ പശ്ചിമ കൊച്ചിയിലെ വേലിയേറ്റ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തിന്റെ ഗൗരവം വർധിച്ചതോടെ വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകൾ രംഗത്തെത്തിത്തുടങ്ങി. വേലിയേറ്റ പ്രശ്നത്തിനെതിരെ നടപടി വേണമെന്നാവശ്യവുമായി കെഎൽസിഎയും, എസ്എൻഡിപിയും രംഗത്തെത്തി. വേലിയേറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എസ്എൻഡിപി ഇടക്കൊച്ചി ശാഖാ യോഗം ആവശ്യപ്പെട്ടു.
ഇടക്കൊച്ചിയിൽ റോഡ് ഉപരോധം നടത്തിയവർക്ക് നേരെ പൊലീസ് നടത്തിയ കയ്യേറ്റത്തിനെതിരെ എസ്എൻഡിപി യോഗം പ്രതിഷേധം അറിയിച്ചു. വേലിയേറ്റ വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യവുമായി കെഎൽസിഎ കൊച്ചി രൂപത സമിതിയും രംഗത്തെത്തി. വെള്ളിയാഴ്ച വൈകിട്ട് 6നു ബിഓടി പാലത്തിൽ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
എക്കൽ നീക്കണമെന്ന് ആവശ്യപ്പെട്ടു കുമ്പളങ്ങിയിൽ സിപിഐ ലോക്കൽ കമ്മിറ്റി സർക്കാരിന് ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്. വേലിയേറ്റം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ചു കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ കെ.ജെ.മാക്സി എംഎൽഎയുടെ ഓഫിസ് ഉപരോധം നടക്കും. വേലിയേറ്റം തടയാൻ വേണ്ട സഹായം കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്നും ബിജെപി പള്ളുരുത്തി മണ്ഡലം അറിയിച്ചു.
വേലിയേറ്റം ശമിക്കുന്നില്ല
ശമനമില്ലാതെ തുടരുന്ന വേലിയേറ്റം പശ്ചിമ കൊച്ചിയുടെ തെക്കൻ മേഖലയിലെ ജനജീവിതം ദുസ്സഹമാക്കി. നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഇടക്കൊച്ചി, കുമ്പളങ്ങി മേഖലയിൽ പ്രധാന റോഡിൽ വരെ വെള്ളമെത്തി. ഇടക്കൊച്ചി അക്വിനാസ് കോളജിനു മുന്നിലെ റോഡും കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ക്ഷേത്രത്തിനു മുന്നിലെ റോഡും ഓരുജലത്തിൽ മുങ്ങി. കുമ്പളങ്ങി, ചെല്ലാനം, ഇടക്കൊച്ചി, പെരുമ്പടപ്പ്, ചിറക്കൽ, കളത്ര മേഖലകളിലാണ് വേലിയേറ്റം ദുരിതം സൃഷ്ടിച്ചിരിക്കുന്നത്. തോപ്പുംപടി, കുമ്പളങ്ങി, അരൂർ, ഇടക്കൊച്ചി ഭാഗത്തുകൂടി ഒഴുകുന്ന കായലുകൾ ഡ്രജ് ചെയ്തു ആഴംകൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.