ആർ.ശിവരാമപിള്ള അന്തരിച്ചു
Mail This Article
കൊച്ചി∙ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആരോഗ്യവകുപ്പ് മുൻ ഹെൽത്ത് സൂപ്പർവൈസറുമായ കായംകുളം കണ്ടല്ലൂർ പുതിയവിള വളയക്കകത്ത് ആർ.ശിവരാമപിള്ള (85) അന്തരിച്ചു. ഏതാനും വർഷമായി ആലുവയിൽ മകളോടൊപ്പമായിരുന്നു താമസം. ആലുവ കാരോത്തുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് 6.15നായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെ ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ആലുവ ബാങ്ക് കവല കടത്തു കടവിലുള്ള മുനിസിപ്പൽ സാംസ്കാരിക കേന്ദ്രത്തിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്കു 12ന് കളമശ്ശേരി മെഡിക്കൽ കോളജിനു കൈമാറും.
ഹെൽത്ത് ഇൻസ്പെക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശിവരാമപിള്ള, കുറ്റ്യാടി, കോഴിക്കോട്, മൈനാഗപ്പള്ളി, വടക്കൻ പറവൂർ, തൃക്കുന്നപ്പുഴ, കുറത്തികാട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രോഗബാധിതനാകുന്നതുവരെ തൃശൂർ കിലയിൽ റിസോഴ്സ് പഴ്സൻ ആയി പ്രവർത്തിച്ചു. ആരോഗ്യപ്രവർത്തകരുടെ സംഘടനയായ ജനകീയാരോഗ്യ സമിതിയുടെ കൺവീനർ ആയിരുന്നു. ആരോഗ്യബോധനം ജീവിതദൗത്യമായി ഏറ്റെടുത്ത ശിവരാമപിള്ള ഒട്ടേറെ പൊതുവേദികളിലും ആകാശവാണിയിലും പ്രഭാഷണങ്ങളും ആരോഗ്യക്ലാസുകളും നടത്തിയിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്തിൽ വൈസ് പ്രസിഡന്റ് ചുമതലയ്ക്കുപുറമേ, സംസ്ഥാന ആരോഗ്യസമിതി കൺവീനർ, ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കായംകുളം മേഖല സ്ഥാപക സെക്രട്ടറി, പുതിയവിള യൂണിറ്റ് സ്ഥാപക സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ശാസ്ത്ര, കലാപരിപാടികൾ ഉൾപ്പെടെ പരിഷത്തിന്റെ എല്ലാത്തരം പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കേരളം സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ മുതുകുളം ബ്ലോക്കുതലത്തിലെ പ്രധാന ചുമതലക്കാരനും ജനകീയാസൂത്രണ പ്രസ്ഥാന കാലത്ത് കീറിസോഴ്സ് പഴ്സനും മുതുകുളം ബ്ലോക്ക് കോർഡിനേറ്ററും ആയി പ്രവർത്തിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഗ്രാമസഭ സംഘടിപ്പിച്ചും ചുമതലയുണ്ടായിരുന്ന കണ്ടല്ലൂർ പഞ്ചായത്തിൽ നൂറു ശതമാനം പദ്ധതിപ്പണം വിനിയോഗിച്ച് പഞ്ചായത്തിനെ അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് അവാർഡിന് അർഹമാക്കിയും ശ്രദ്ധേയനായിരുന്നു. ശിവരാമപിള്ള റിസോഴ്സ് പഴ്സനായിരിക്കെ 2017-18ൽ ആലുവ മുനിസിപ്പാലിറ്റിക്ക് ആ വർഷത്തെ ഏറ്റവും നല്ല മുനിസിപ്പാലിറ്റിക്കുള്ള അവാർഡും ലഭിച്ചു. പരിഷത്തിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും വനിതാവേദി കൺവീനറും ആയിരുന്ന ജി.ജഗദയാണു ഭാര്യ. മക്കൾ: എസ്.ജഗദീശ്, ജെ.ശിജ.