ജോസ് വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗം നിയമവിരുദ്ധം: ജോസഫ്
Mail This Article
തൊടുപുഴ ∙ കേരള കോൺഗ്രസ് (ജോസ്) വിഭാഗം കോട്ടയത്തു വിളിച്ചു ചേർത്ത സംസ്ഥാന സമിതി യോഗം നിയമ വിരുദ്ധമാണെന്ന് കേരള കോൺഗ്രസ്(എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. തൊടുപുഴയിൽ നടന്ന ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിലർ എത്ര കൊണ്ടാലും പഠിക്കില്ല എന്നു തോന്നുന്നു. കേരള കോൺഗ്രസിൽ ഭിന്നതയില്ല. ചിലർ പ്രശ്നങ്ങളുണ്ടാക്കി പുറത്തു പോയി. ഇനിയെങ്കിലും തെറ്റു തിരുത്തി തിരികെ വരണം. കോട്ടയത്ത് കൂടിയത് സംസ്ഥാന സമിതി അംഗങ്ങൾ അല്ല. വെറും ആൾക്കൂട്ടം. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥിയെ നിർത്താൻ ജോസ് കെ മാണിക്കും അവകാശമുണ്ട്.
അവർ നിർത്തട്ടെ. എന്നാൽ ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് എതിരായ നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി കൂട്ടായി ആലോചിക്കും. പാർട്ടി വിട്ടവരുമായി ഇനി സന്ധി സംഭാഷണത്തിനില്ല. ചങ്ങാനാശേരി നഗരസഭയിൽ കേരള കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വരും– പി.ജെ ജോസഫ് പറഞ്ഞു. ഓഫിസ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം പ്രസംഗിച്ചു.
മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, ഡി.കെ.ജോൺ, സജി മഞ്ഞക്കടമ്പൻ, എം.ജെ.ജേക്കബ്, മറ്റ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തതായി ജോയി ഏബ്രഹാം അറിയിച്ചു. 450 അംഗങ്ങളുള്ള സംസ്ഥാന സമിതിയിൽ 29 അംഗങ്ങളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 8 പേർ മരിച്ചുപോയി. ബാക്കിയുള്ള 413 പേരാണ് വോട്ട് ചെയ്യുക. ഈ അംഗങ്ങളിൽ 250ൽ അധികം പേർ ഇന്ന് തൊടുപുഴയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുത്തതായി ജോസഫ് വിഭാഗം അവകാശപ്പെട്ടു.
ചെയർമാൻ തിരഞ്ഞെടുപ്പ് ഉടൻ
കെ.എം.മാണിയുടെ വിയോഗത്തെ തുടർന്ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത് ഉടൻ നടത്തുമെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫിസറായി പാലാ സ്വദേശിയും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ സോജൻ ജയിംസിനെ തിരഞ്ഞെടുത്തു. അടുത്ത ഘട്ടമായി റിട്ടേണിങ് ഓഫിസർ എല്ലാ സംസ്ഥാന സമിതി അംഗങ്ങൾക്കും കത്തയയ്ക്കും. ഇതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നാളെ കോട്ടയത്തു നടത്താനിരുന്ന പരിപാടി 19ലേക്കു മാറ്റിയതായി പി.ജെ.ജോസഫ് പറഞ്ഞു.
"ജോസ് കെ.മാണിയുടെ സ്വയം പ്രഖ്യാപിത ചെയർമാൻ പദവിയും ഇന്നലെ വിളിച്ചു ചേർത്ത യോഗവും നിയമപരമായി നിലനിൽക്കുന്നതല്ല. കോട്ടയത്ത് ജോസ് വിഭാഗം വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നവരുടെ ചിത്രം പുറത്തു വിടാൻ ധൈര്യമുണ്ടോ. പങ്കെടുക്കാത്തവർ പങ്കെടുത്തു എന്ന് കാട്ടി കള്ളയൊപ്പിടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആൾമാറാട്ടത്തിന് ക്രിമിനൽ കേസാകും." -പി.ജെ. ജോസഫ്.
കോടതിച്ചെലവ് ഡയാലിസിസ് രോഗിക്ക്
പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ജോസ് കെ.മാണി വിഭാഗത്തിന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് സമർപ്പിച്ച ഹർജി കോട്ടയം മുൻസിഫ് കോടതി തള്ളിയിരുന്നു. എതിർകക്ഷിക്ക് കോടതിച്ചെലവ് അടക്കം നൽകണമെന്നു പറഞ്ഞാണ് ഹർജി തള്ളിയത്. ഇങ്ങനെ കിട്ടുന്ന കോടതിച്ചെലവ് ഒരു ഡയാലിസിസ് രോഗിക്കു കൈമാറുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.