കട്ടപ്പന കരട് മാസ്റ്റർ പ്ലാൻ : മേഖല തിരിക്കലിൽ ആശങ്ക
Mail This Article
കട്ടപ്പന ∙ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു രൂപം നൽകിയ കരട് മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതു സംബന്ധിച്ച് ആശങ്ക. നഗരത്തെ വിവിധ മേഖലകളായി തിരിച്ച് മാസ്റ്റർ പ്ലാൻ നടപ്പാക്കുമ്പോൾ അത്തരം സ്ഥലങ്ങളിൽ മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ തടസം ഉണ്ടാകുമെന്ന പ്രചരണമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതേതുടർന്ന് നഗരസഭാ കൗൺസിലർമാരും മാസ്റ്റർ പ്ലാനിന് രൂപം നൽകിയ ജില്ലാ ടൗൺ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥരും ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.നഗരസഭാ പരിധിയിലെ ഭൂവിനിയോഗം, റോഡ് നെറ്റ്വർക്ക്, നഗര വികസനം, വിനോദ സഞ്ചാരം, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിലവിലുള്ള സ്ഥിതി,
2036 വരെയുള്ള വികസന സാധ്യതകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് മാസ്റ്റർ പ്ലാൻ. കേന്ദ്ര-സംസ്ഥാന നഗരാസൂത്രണ വിഭാഗത്തിന്റെ വികസന ഫണ്ടുകൾ ലഭിക്കുന്നതിനുള്ള അടിസ്ഥാന രേഖയായിരിക്കും മാസ്റ്റർ പ്ലാൻ. വ്യവസായം, നെൽകൃഷി തുടങ്ങി പല മേഖലകളായി തിരിച്ച് വികസനം സാധ്യമാക്കാനാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത്. പ്ലാനിൽ നിർദേശിച്ചിരിക്കുന്ന ആവശ്യത്തിന് അല്ലാതെ മറ്റൊരു കാര്യത്തിനും ഇത്തരം മേഖലകൾ ഭാവിയിൽ വിനിയോഗിക്കാൻ സാധിക്കില്ലെന്ന പ്രചരണമാണ് ആശങ്ക സൃഷ്ടിക്കുന്നത്. അതിനാൽ മാസ്റ്റർ പ്ലാൻ കൂടുതൽ ചർച്ച ചെയ്ത് വാർഡു സഭകളുടെ അംഗീകാരം നേടി മാത്രമേ നടപ്പാക്കാവൂ എന്ന് നഗരസഭാ കൗൺസിലർമാർ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
അംഗീകരിക്കില്ല:കൗൺസിലർമാർ
നിലവിൽ വാണിജ്യ-വ്യവസായ-കൃഷി സോണുകളായി തിരിച്ചിട്ടുള്ള മേഖലകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കൗൺസിലർമാർ ചർച്ചയിൽ വ്യക്തമാക്കി. വാഴവര, വെള്ളയാംകുടി, പേഴുംകവല എന്നീ സോണുകളാണ് നെൽകൃഷിക്കായി മാസ്റ്റർ പ്ലാനിൽ നീക്കി വച്ചിട്ടുള്ളത്. ഇവ നെൽകൃഷി സോണുകളായി പ്രഖ്യപിച്ചാൽ 30 വർഷത്തേക്ക് ഈ കൃഷി ഒഴികെ മറ്റൊന്നും അവിടെ നടത്താൻ കഴിയാതെ വരുമെന്ന് കൗൺസിലർമാർ ആക്ഷേപം ഉന്നയിച്ചു. പിന്നീട് ഈ സ്ഥലങ്ങൾ വാണിജ്യ- വ്യവസായ-പാർപ്പിട മേഖലയ്ക്ക് വിനിയോഗിക്കണമെങ്കിൽ കോടതി വിധിയിലൂടെയേ സാധ്യമാകൂ. നിലവിൽ പാർപ്പിട മേഖലയായി മാറിയ പ്രദേശങ്ങളാണ് നെൽകൃഷിക്കും മറ്റുമായി തിരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനുവരിയിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചർച്ച ചെയ്യാനുള്ള ആലോചനകളും നടക്കുന്നുണ്ട്.