ചിരിയാണ് മെയിൻ; പാർക്ക് പോലൊരു പൊലീസ് സ്റ്റേഷൻ
Mail This Article
തേനി ∙ ഒരു പാർക്കിലേക്ക് കയറും പോലെ പൊലീസ് സ്റ്റേഷനിലേക്ക് കയറിപ്പോകാൻ പറ്റുമോ? സംശയമുണ്ടെങ്കിൽ തീർച്ചയായും തമിഴ്നാട് തേനിയിലെ ഓൾ വുമൺ പൊലീസ് സ്റ്റേഷനിൽ പോയി നോക്കണം. പൊലീസിനെക്കുറിച്ചുള്ള ധാരണ തന്നെ മാറിപ്പോകും. ജനമൈത്രി പൊലീസെന്ന ആശയം ശരിക്കും നടപ്പാക്കുകയാണ് ഇവിടെ . ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തേനിയിലെ ഓൾ വുമൺ പൊലീസ് സ്റ്റേഷനും അവിടുത്തെ 30 വനിതാ പൊലീസും.
ഹാർട്ട്ലി വെൽക്കം, വണക്കം
തണൽമരങ്ങളും പൂച്ചെടികളും നിരയായി വളർന്നുനിൽക്കുന്ന ചെറിയൊരു പാർക്കിനു നടുവിലാണ് സ്റ്റേഷൻ . സ്റ്റേഷന്റെ മുറ്റത്തോടു ചേർന്നുള്ള കൊച്ചു പാർക്കിൽ ഇരിപ്പിടങ്ങളും ശുദ്ധജലവും ,. ഈ തണുപ്പിൽ നിന്ന് കയറിച്ചെല്ലുന്ന ആളുകളെ ചിരിച്ച മുഖത്തോടെ വരവേൽക്കും പൊലീസ് അക്കമാർ.
കേസല്ല, പ്രധാനം സംതൃപ്തി
വുമൺ പൊലീസ് സ്റ്റേഷനിൽ എത്തുന്ന 90 ശതമാനം പരാതികളും വീട്ടുവഴക്കുകളോ പ്രേമവിവാഹമോ ആയി ബന്ധപ്പെട്ടതാണെന്നു ഇൻസ്പെക്ടർ മങ്കയർ തിലകം പറയുന്നു. ഇതെല്ലാം കേസാക്കുന്നതിലും അധികം കൗൺസലിങിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുക. ഒരു ദിവസം 10 മണിക്കൂറുകൾ വരെ ഇങ്ങനെ കൗൺസിലിങ്ങിനായി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചെലവഴിക്കാറുണ്ടത്രേ. കൗൺസിലിങ്ങിന് പ്രത്യേകം 3 മുറികൾ സ്റ്റേഷനിലുണ്ട്. കൂടാതെ കുട്ടികൾക്കായി കിഡ് റൂമും. കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് പരസ്പരം തുറന്ന് സംസാരിക്കാനുള്ള അവസരവും ഒരുക്കാറുണ്ട് സ്റ്റേഷൻ. മുറ്റത്തെ ബെഞ്ചുകൾ ഇതിനുള്ളതാണ്. കുട്ടികളുമായി ബന്ധപ്പെട്ട പോക്സോ കേസുകളിലും സ്ത്രീധന പരാതികളിലും പക്ഷേ, ഉശിരോടെ നടപടിയെ ടുക്കും. കഴിഞ്ഞ വർഷം ഈ സ്റ്റേഷനിൽ റജിസ്ട്രർ ചെയ്യപ്പെട്ടത് വെറും 28 കേസുകളും.
ചിരിയാണ് മെയിൻ
പരാതി പറയാൻ എത്തുന്നവരെയും സന്ദർശകരെയും ചിരിയോടെ വരവേൽക്കുകയാണ് വനിതാ സ്റ്റേഷനിലെ പൊലീസുകാർ. ഒരു ഇൻസ്പെക്ടറും 2 എസ്ഐമാരും അടക്കം 30 വനിതാ പൊലീസുകാരുണ്ട് ഇവിടെ. 1994ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വനിതാ സ്റ്റേഷന് തുടങ്ങിയത്. രണ്ട് മാസം മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലും ത്രില്ലിലുമാണ് ‘ഫോംമ്‌ലി’ സ്റ്റേഷനും ഇവിടത്തെ പൊലീസുകാരും.