എന്നോട് എന്തിനീ അവഗണന?
Mail This Article
സർ,
കഴിഞ്ഞ ഓഗസ്റ്റ് 4 മുതൽ 15 വരെ ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ ട്വന്റി20 ലോക കപ്പ് ക്രിക്കറ്റ് പരമ്പരയിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് ഞാൻ. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും മത്സരത്തിൽ പങ്കെടുത്തു. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ ചാംപ്യൻമാരായ മത്സരത്തിൽ മത്സര ഗതിയെ നിർണയിച്ച മികച്ച പ്രകടനമായിരുന്നു എന്റേത്. 2 മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് ആയ ഞാൻ പരമ്പരയിലെ മികച്ച ബോളറായി തിരഞ്ഞെടുക്കപ്പെട്ടതും അങ്ങയുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ?
ഭിന്നശേഷിക്കാരുടെ ആദ്യ ലോക കപ്പ് നേടിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ടീമിന് മുംബൈയിൽ ബിസിസിഐയുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്റെ ജന്മനാടായ ഇടുക്കിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അനുമോദന യോഗങ്ങളും ഉണ്ടായിരുന്നു. എല്ലാറ്റിനും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തട്ടെ.
എന്നോടൊപ്പം ഇന്ത്യൻ ടീമിലുണ്ടായിരുന്ന റിസർവ് താരങ്ങളും ഒഫീഷ്യലുകളും അടക്കമുള്ള മറ്റ് 20 പേർക്കും അതത് സംസ്ഥാന സർക്കാരുകൾ കാഷ് അവാർഡുകളും സ്വീകരണവും നൽകി. കളിക്കാർക്കു സർക്കാർ ജോലി ഉറപ്പു നൽകിയ സംസ്ഥാനങ്ങളുമുണ്ട്. എന്നാൽ കായിക കേരളത്തിൽ, നമ്മുടെ സർക്കാരിന്റെ ഭാഗത്തു നിന്ന് ആരും ഒന്നു ഫോണിൽ വിളിച്ചു പോലും അഭിനന്ദിച്ചില്ല.
ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ജന്മനാ വലതു കൈപ്പത്തി ഇല്ലാതിരുന്നിട്ടും ക്രിക്കറ്റ് കളിക്കാരൻ ആകണമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു നടത്തിയ കഠിനമായ പരിശീലനത്തിനും വർഷങ്ങൾ നീണ്ട പരിശ്രമത്തിനും ഒടുവിലാണ് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയത്. എത്രയോ പേർക്ക് അങ്ങ് ഇടപെട്ട് ജോലി നൽകുന്നു.
ഭിന്നശേഷിക്കാരനായ എന്നോടു മാത്രം എന്തിനീ അവഗണന? ഇപ്പോൾ ഭിന്നശേഷിക്കാരുടെ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ എനിക്ക് കായികതാരം എന്ന പരിഗണന നൽകിയെങ്കിലും ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ സ്ഥിരം ജോലി ലഭിക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. വിനയപൂർവം അനീഷ് പി.രാജൻ