ADVERTISEMENT

കട്ടപ്പന∙ ഉയർന്നു നിൽക്കുന്ന ഏലക്കാ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും മെച്ചപ്പെട്ട നിലയിലായിട്ടും കർഷകരുടെ ബുദ്ധിമുട്ടുകൾക്ക് കുറവില്ല. വില ഉയർന്നാണെങ്കിലും ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നു കാര്യമായ വിളവ് ലഭിക്കുന്നില്ല. കാലാവസ്ഥ അനുകൂലമായ ചുരുക്കം ചില മേഖലകളിൽ മാത്രമാണ് അൽപമെങ്കിലും വിളവ് ലഭിക്കുന്നത്.

മുൻവർഷങ്ങളിലെ പ്രളയക്കെടുതിയും കനത്ത വേനലിലും വ്യാപകമായി കൃഷി നശിച്ചതാണ് വിളവിൽ വൻ കുറവ് വരാൻ കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജനുവരി ആദ്യവാരം മുതൽ ചൂട് വർധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പകൽ സമയത്തെ ചൂടും രാത്രിയും പുലർച്ചെയുമുള്ള മഞ്ഞു വീഴ്ചയും ഏലം കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. ചെടികൾ നശിക്കാതിരിക്കാൻ പലരും ഏലച്ചെടി നനച്ചു തുടങ്ങി.

വേനൽ ശക്തമാകുന്ന വരും മാസങ്ങളിൽ  നനയ്ക്കാൻ ആവശ്യമായ വെള്ളം ലഭ്യമാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. മുൻവർഷങ്ങളിൽ 6 തവണ വരെ ഏലക്കായ വിളവെടുപ്പ് നടത്തിയിരുന്നെങ്കിലും ഇത്തവണ പലയിടത്തും 4 തവണയായപ്പോഴേ വിളവ് ഇല്ലാതായ സ്ഥിതിയാണ്.കൃഷിയിടത്തിലെ ബുദ്ധിമുട്ടിനു പുറമെ ഏലക്കാ വിൽക്കുന്നതിലും  പ്രയാസം നേരിടുന്നു. ഇ-ലേലത്തിൽ പതിയുന്ന ഏലക്കായുടെ തുക കിട്ടാനുണ്ടാകുന്ന കാലതാമസമാണ് ഏറെ പ്രതിസന്ധിക്ക് ഇടയാക്കുന്നത്.

ലേലം കഴിഞ്ഞ് 10 പ്രവൃത്തി ദിനങ്ങൾക്കുശേഷം തുക നൽകണമെന്നാണ് സ്‌പൈസസ് ബോർഡിന്റെ നിർദേശം. എന്നാൽ നിലവിൽ 20 മുതൽ 30 ദിവസം വരെ കാലതാമസം നേരിടുന്നതായി കർഷകർ ആരോപിക്കുന്നു. പണം ലഭ്യമാകാൻ വൈകുന്നതു സംബന്ധിച്ച് കർഷകരും ചില ഏജൻസി അധികൃതരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതും പതിവാകുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്‌പൈസസ് ബോർഡ് അധികൃതർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കർഷക സംഘടനകൾ.

ചെറുകിട കർഷകരുടെ കുറഞ്ഞ അളവിലുള്ള ഏലക്കായ ഇ-ലേലത്തിനു പതിയാൻ ചിലർ താൽപര്യം കാട്ടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പലവിധ കാരണങ്ങൾ നിരത്തി ചെറുകിടക്കാരുടെ ഉൽപന്നം ശേഖരിക്കാൻ മടിക്കുകയാണെന്നാണ് ആക്ഷേപം. ലേലത്തിൽ പതിഞ്ഞാൽ മെച്ചപ്പെട്ട വില ലഭിക്കുന്ന കായ പോലും നഷ്ടം സഹിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് വിൽക്കേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com