അയർലൻഡ് മലയാളികൾ അവധി ഉപേക്ഷിച്ചു; കാരുണ്യമായി വീട്
Mail This Article
ചെറുതോണി ∙ അയർലൻഡിലെ ഏതാനും മലയാളി കുടുംബങ്ങൾ ഈ വർഷം അവധിക്കാല ആഘോഷം വേണ്ടെന്ന് വച്ചപ്പോൾ ഇടുക്കിയിൽ യാഥാർഥ്യമായത് നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം. കൊച്ചുകരിമ്പൻ നാട്ടർവേലിൽ ജോൺസൺ ജോസിനും കുടുംബത്തിനും 10 മലയാളി കുടുംബങ്ങളുടെ കാരുണ്യം വീടായി ലഭിച്ചു.
പണി പൂർത്തിയായ ഭവനത്തിന്റെ വെഞ്ചരിപ്പ് ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഇന്ന് 4 ന് നിർവഹിക്കും. തുടർന്ന് ഡീൻ കുര്യാക്കോസ് എംപി താക്കോൽ കൈമാറും. വാഴത്തോപ്പിൽ ആരാധനാ മഠം സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് എല്ലാ സൗകര്യങ്ങളുമുള്ള വീട് നിർമിച്ചത്. തടിപ്പണിക്കാരനായ ജോസ് മൂന്നു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് തളർന്നു കിടപ്പിലായി.
2018 ലെ മഹാപ്രളയത്തിൽ ഒരു ഭാഗം ഇടിഞ്ഞ് വീട് വാസയോഗ്യമല്ലാതായതോടെ എന്തു ചെയ്യുമെന്ന ആധിയിലായി. സർക്കാർ ഓഫിസുകൾ കയറി ഇറങ്ങിയെങ്കിലും ഈ കുടുംബത്തെ സഹായിക്കാൻ പഞ്ചായത്തുകൾ പോലും സന്നദ്ധമായില്ല. ഈ സാഹചര്യത്തിലാണ് സൗജന്യമായി ലഭിച്ച സ്ഥലത്ത് വീട് നിർമിച്ച് നൽകാൻ അയർലൻഡിലെ സുമനസ്സുകൾ തയാറായത്.