ADVERTISEMENT

പീരുമേട് ∙ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി ഓഫ് റോഡ് ട്രക്കിങ്  ജീപ്പ് നിർത്താതെ പോയി. നാട്ടുകാർ സംഘടിച്ച് വിനോദ സഞ്ചാരികളുമായി എത്തിയ ട്രക്കിങ് ജീപ്പുകൾ കൂട്ടത്തോടെ തടഞ്ഞതോടെ വള്ളക്കടവിൽ സംഘർഷം. അപകടത്തിൽ പരുക്കേറ്റ കോനാരിക്കരയിൽ അബ്ദുൽ ഷുക്കൂറിനെ (64)  പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പെരിയാർ മുഴിയാർ റോഡിൽ എച്ച്.പി.സിയ്ക്ക് സമീപത്തു വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം.

വണ്ടിപ്പെരിയാർ ടൗണിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഷുക്കൂർ വീട്ടിലെത്തി  ഭക്ഷണം കഴിച്ച ശേഷം തിരികെ മടങ്ങുന്നതിനിടയിലാണ് വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിൽ നിന്നും കുമളിയിലേക്ക് പോയ ട്രക്കിങ് ജീപ്പ് ഇരുചക്ര വാഹനത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണെങ്കിലും ജീപ്പ് നിർത്താതെ പോവുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.നാട്ടുകാരാണ്  ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിൽസ നൽകിയത്. ഇതിനെ തുടർന്ന് ഞായർ പുലർച്ചെയോടെ നാട്ടുകാർ വള്ളക്കടവ് കുരുശുംമൂട് ഭാഗത്ത് കൂട്ടത്തോടെ എത്തുകയും വിനോദ സഞ്ചാരികളുമായി ഗവി, സത്രം,

എന്നിവിടങ്ങളിലേക്ക് പോയ ട്രക്കിങ് ജീപ്പുകൾ  തടയുകയായിരുന്നു. ഇതോടെ നാട്ടുകാരും ഡ്രൈവർമാരും തമ്മിൽ തർക്കം ഉണ്ടായി. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്ത് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.ജില്ലാ ഭരണകൂടം ട്രക്കിങ് ജീപ്പുകൾക്ക് നൽകിയ നിർദ്ദേശങ്ങൾ അവഗണിച്ചു നിയമ ലംഘനം നടത്തി തുറന്ന ജീപ്പുകളിൽ വിനോദ സഞ്ചാരികളെ സത്രത്തിൽ എത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഇടിച്ച വാഹന ഡ്രൈവറെ ഉടൻ പിടികൂടാമെന്ന പൊലീസിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്ക് ശേഷം ട്രക്കിങ് ജീപ്പുകൾ നാട്ടുകാർ വിട്ടയച്ചത്.പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഉടൻ തന്നെ വാഹന ഡ്രൈവറെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com