മണ്ണെടുത്തപ്പോൾ നന്നങ്ങാടികൾ; നിർണായകമെന്ന് ചരിത്രകാരൻമാർ
Mail This Article
നെടുങ്കണ്ടം ∙ കൊച്ചുകാമാക്ഷിയിൽ ചെമ്പകപ്പാറ ഹൈസ്കൂളിനു സമീപം കൊച്ചു കുന്നേൽ ഷാജന്റെ പുരയിടത്തിൽ നിന്ന് ശിലായുഗ കാലത്തെ നന്നങ്ങാടികൾ കണ്ടെത്തി. ആട്ടിൻകൂട് വിപുലീകരിക്കുന്നതിന്റെ പ്രവർത്തനങ്ങൾക്കായി മണ്ണു നീക്കം ചെയ്തപ്പോഴാണ് 2 നന്നങ്ങാടികൾ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ശ്രദ്ധയോടെ ചുറ്റുമുള്ള മണ്ണു നീക്കം ചെയ്ത് ഉടയാതെ പുറത്തെടുത്തു.
നാലടി ഉയരം വരുന്ന 2 നന്നങ്ങാടികൾക്കും ചെമ്മണ്ണിന്റെ നിറമാണ്. ഉൾവശത്തു നിന്നും അസ്ഥികളും ലഭിച്ചു. സ്ഥലത്ത് പുരാതന കാലത്ത് ധാരാളം മുനിയറകൾ ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞിരുന്നതായി ഷാജൻ പറയുന്നു. നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണ സമിതിയുടെ ആളുകൾ സ്ഥലത്ത് പരിശോധന നടത്തി. ഫോസിലുകൾ ലഭിച്ചത് ചരിത്രപരമായ പല കണ്ടെത്തലുകൾക്കും നിർണായക തെളിവാകും. പുരാവസ്തു ശാസ്ത്രത്തിൽ ഡിഎൻഎ തെളിവുകൾ നിർണായകമാകുന്ന കാലത്ത് ഇവിടെ നിന്നു കിട്ടിയ ഈ തെളിവ് പുതിയ ഒരു വഴിത്തിരിവാകുമെന്നാണ് ചരിത്രകാരൻമാരുടെ പ്രതീക്ഷ.