കൊടും വേനലിനോട് തോറ്റ് ജലപാതങ്ങൾ
Mail This Article
അടിമാലി∙ വിനോദസഞ്ചാരികൾക്കു വിസ്മയക്കാഴ്ച ഒരുക്കുന്ന കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ചീയപ്പാറ വെള്ളച്ചാട്ടം വേനലിന്റെ വറുതിയിൽ വറ്റിവരണ്ടു. വാളറ, അടിമാലി ജലപാതങ്ങളും വറ്റിവരളുകയാണ്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ പ്രധാന ആകർഷകമാണ് നേര്യമംഗലം വനമേഖലയിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. ഇതോടൊപ്പം അടിമാലി ടൗണിനോടു ചേർന്നുള്ള കൊരങ്ങാട്ടി വെള്ളച്ചാട്ടവും സഞ്ചാരികൾക്കു വിസ്മയക്കാഴ്ചയാണ് സമ്മാനിച്ചിരുന്നത്.
ദേശീയപാതയോരം ചേർന്നുള്ള ചീയപ്പാറ വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാനുള്ള സഞ്ചാരികളുടെ തിരക്ക് അനുദിനം വർധിച്ചു വരുന്നതിനിടെയാണ് കടുത്ത വേനലിൽ വെള്ളമൊഴുക്ക് നിലച്ചത്. വെള്ളച്ചാട്ടത്തിനടുത്തു നിന്ന് ചിത്രങ്ങൾ പകർത്താനാണ് ഇവിടെ എത്തുന്ന സഞ്ചാരികളിൽ കൂടുതൽ പേരും താത്പര്യം കാണിക്കുന്നത്. വർഷകാലത്ത് കമ്പിലൈൻ മലമുകളിൽ നിന്നു പാറക്കെട്ടുകളിലൂടെ 700 അടിയോളം താഴ്ചയിലേക്കു പതിക്കുന്നതാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ദേശീയപാതയുടെ ഓരം ചേർന്നാണ് വെള്ളച്ചാട്ടം ദേവിയാർ പുഴയിൽ എത്തുന്നത്.
വറ്റിവരണ്ട് വാളറക്കുത്ത്
കടുത്ത വേനലിൽ വാളറ വെള്ളച്ചാട്ടവും വറ്റി വരളുകയാണ്. ദേവിയാർ പുഴയിൽ നീരൊഴുക്ക് കുറഞ്ഞതാണ് വാളറ വെള്ളച്ചാട്ടത്തിനു വിനയായിരിക്കുന്നത്. എങ്കിലും അനേകം സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്. ദേശീയപാതയിൽ നിന്നുള്ള നേർക്കാഴ്ചയാണ് വാളറ വെള്ളച്ചാട്ടത്തിന്റെ സവിശേഷത. വാളറക്കുത്ത് എന്നാണ് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. വാളറയ്ക്കു സമീപമാണ് തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമാണം നടക്കുന്നത്.