8 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാലും പണിയായുധങ്ങളുമായി ഇറങ്ങും; ടാപ്പുകൾക്കും ജനലുകൾക്കും പരിചരണം ആവശ്യമുണ്ട്....
Mail This Article
ചെറുതോണി ∙ തുടർച്ചയായ 8 മണിക്കൂർ ഡ്യൂട്ടിക്കു ശേഷം സുരക്ഷാ ഉപകരണങ്ങൾ അഴിച്ച് പുറത്തിറങ്ങിയാലും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ കാഷ്വൽറ്റി കൺട്രോൾ റൂമിന്റെ ചുമതലയുള്ള നഴ്സ് പി.എം.അരുൺകുമാറിന് വിശ്രമം ഇല്ല.കൊറോണ കാലത്ത് ആശുപത്രിയിലെ ടാപ്പുകൾക്കും ഇലക്ട്രിക് ഉപകരണങ്ങൾക്കും അനിവാര്യമായ മാറ്റം വരുത്താനുള്ള ജോലി തിരക്കിലാണ് . വീട്ടിൽ ഇരുന്ന് രൂപമാറ്റം വരുത്തുന്ന ടാപ്പുകളും മറ്റും ആശുപത്രിയിൽ എത്തി ഫിറ്റ് ചെയ്യുന്ന ജോലിയെ പിന്നീട് അവശേഷിക്കുന്നുള്ളൂ.
ആശുപത്രിയുടെ രണ്ടു പ്രധാന ഭാഗങ്ങളിൽ അരുൺകുമാർ ഹാൻഡ് ഡ്രയർ സ്ഥാപിച്ചു കഴിഞ്ഞു. ഹെയർ ഡ്രയറിന്റെ കോയിൽ വാങ്ങി ഹാൻഡ് ഡ്രയർ ഉണ്ടാക്കിയപ്പോൾ വെറും ആയിരം രൂപയിൽ താഴെ മാത്രമാണെന്ന് അരുൺ പറയുന്നു. സാധാരണ ഡ്രയറിന് 6500 രൂപയാണ് വില തുടങ്ങുന്നത്. ആശുപത്രി ഇടനാഴികളിലെ 8 ഇടങ്ങളിൽ സാധാരണ പ്ലാസ്റ്റിക് ടാപ്പുകൾക്കു രൂപമാറ്റം വരുത്തി എൽബോ ടാപ്പുകളാക്കിയപ്പോൾ,
എസ്എസ് പൈപ്പും റോഡ്സും ഉപയോഗിച്ച് ഹാൻഡ് വാഷ് സ്ഥാപിക്കുന്നതിന് എൽബോ സ്പെൻസറും ഉണ്ടാക്കി.കൊറോണ കാഷ്വൽറ്റിയിലെ ജനൽ അടയാതെ അണുവിമുക്തമാക്കൽ തടസ്സപ്പെട്ടപ്പോഴും ആശുപത്രി അധികൃതർക്ക് മേസ്തിരിയെ തപ്പി പോകേണ്ടി വന്നില്ല. ചെറുപ്പം മുതൽ ആശാരി പണി അറിയാവുന്ന അരുൺ അര മണിക്കൂർ കൊണ്ട് ജനലുകളെല്ലാം അടഞ്ഞു.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാഷ്വൽറ്റിയിൽ സ്വന്തമായി നിർമിച്ച വാക്സിൻ കാരിയറും, എമർജൻസി ലൈറ്റോടു കൂടിയ ടേബിൾ ടോപ്പ് ഓർഗനൈസറും സ്ഥാപിച്ച് അരുൺ നേരത്തേ താരമായിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രവികുമാർ, കൊറോണ നോഡൽ ഓഫിസർ ഡോ. ദീപേഷ്, നഴ്സിങ് സൂപ്രണ്ട് സെലീനാമ്മ ജോസഫ് എന്നിവരുടെയും മറ്റെല്ലാ സഹപ്രവർത്തകരുടെയും പിന്തുണ എല്ലാറ്റിനുമുണ്ടെന്ന് അരുൺകുമാർ പറയുന്നു.