ADVERTISEMENT

ഇരുട്ടിൽ കരിമ്പാറക്കെട്ടുകൾ പോലെ ആനകൾ  റോഡരികിൽ കാത്തിരിപ്പുണ്ടാകും. നാടുറങ്ങുമ്പോൾ കൃഷിക്കാരന്റെ നെഞ്ചുതകർത്തു സർവതുമില്ലാതാക്കും. ഇടുക്കി മലയോര മേഖലയിലെ കർഷകരുടെ ദുരിതം മനോരമ വായനക്കാരുമായി പങ്കുവയ്ക്കുന്നു.....

കാട്ടാനെയെക്കാണാൻ ചിന്നാറിലേക്കു സൈക്കിൾ ചവിട്ടി പോയൊരു തലമുറയുണ്ടായിരുന്നു മറയൂരിൽ. കാടും നാടുമായുള്ള അകലം കുറഞ്ഞു. ഉറക്കമുണർന്നാൽ വീടിനു മുന്നിൽ ആനയെ കണികാണേണ്ട ഗതികേടിലെത്തി കാര്യങ്ങൾ.   അഞ്ചുനാടിന്റെ ജീവശ്വാസമായിരുന്ന കൃഷി ഊർധശ്വാസം വലിക്കുകയാണ്. ആവശ്യത്തിനു മഴയില്ലാതെ കഷ്ടപ്പെടുന്നതിനൊപ്പമാണു നട്ടുനനച്ചതെല്ലാം ഒറ്റരാത്രിയിലില്ലാതാക്കി ആനക്കൂട്ടം നാടിറങ്ങുന്നത്. 

ഓട്ടോറിക്ഷ മറിഞ്ഞു കാലൊടിഞ്ഞപ്പോൾ മക്കളുടെ വീട്ടിൽ വിശ്രമത്തിനെത്തിയതാണു കാന്തല്ലൂർ വെട്ടുകാട്ടിലെ മയ്ദീൻ ഇബ്രാഹിം. വർഷങ്ങളോളം ഉറക്കമൊഴിഞ്ഞു കാവൽ നിന്ന തോട്ടത്തിൽ ആളില്ലാതായതോടെ ആനക്കൂട്ടം കയറിയിറങ്ങി. വൈദ്യുതി വേലികളെ വകവയ്ക്കാതെ തോട്ടത്തിലെ സകല ആദായങ്ങളും ആനക്കൂട്ടം നശിപ്പിച്ചു.

രണ്ടര ഏക്കറിലെ കൃഷി ഒറ്റരാത്രിയിൽ ഇല്ലാതായപ്പോൾ കിലോമീറ്ററുകൾക്കപ്പുറത്തിരുന്നു നെടുവീർപ്പിടാനെ മയ്ദീനു സാധിച്ചുള്ളൂ. ഒരാളുടെ ജീവിതമല്ലിത്. ഒറ്റയാൻ ആക്രമണവും കാട്ടാനക്കൂട്ടത്തിന്റെ ചവിട്ടിമെതിക്കലും ഭയന്നാണു മറയൂർ കാന്തല്ലൂരിലെ ജനങ്ങളുടെ ജീവിതം. 

കൃഷിയെന്ന നഷ്ടക്കച്ചവടം

Idukki News
മറയൂർ കാന്തല്ലൂർ റോഡരികിൽ നിൽക്കുന്ന മരം കാട്ടാനകൾ കുത്തി നശിപ്പിച്ച നിലയിൽ.

നാളുകളുടെ അധ്വാനം കാട്ടാന ചവിട്ടിമെതിക്കുന്നത് ചങ്കുപൊട്ടുന്ന കാഴ്ചയാണ്. ആന വന്ന വഴിയിലെ കാൽപാദങ്ങളുടെ എണ്ണമളന്നാണു കർഷകർക്കു നഷ്ടപരിഹാരം ലഭിക്കുന്നത്. അതും വളരെ തുച്ഛമായ തുക മാത്രം. കാടിനോടടുത്തു തോട്ടമുള്ളവർ കാപ്പിയും കുരുമുളകും ഉപേക്ഷിച്ചു.

ഒറ്റയ്ക്കു പോയി പറിച്ചു വരാൻ ജീവനിൽ കൊതിയുള്ള ആരും തയാറല്ല. ശീതകാല പച്ചക്കറിയും പഴവർഗങ്ങളും വെളുത്തുള്ളിയുമെല്ലാം യഥേഷ്ടം വിളയുന്ന മണ്ണ് കർഷനെ ചതിക്കില്ലെങ്കിലും ആന നൽകിയ നഷ്ടങ്ങളുടെ കണാക്കാണു പലരും പറയുന്നത്. കാട്ടിനുള്ളിൽ വെള്ളവും ഭക്ഷണവുമില്ലാതാവുമ്പോൾ 

 കമുകുകൾ തച്ചുടച്ചും മരത്തിൽ കൊമ്പുകുത്തി തകർത്തും എല്ലാം നശിപ്പിച്ചാണ് ആനക്കൂട്ടം കൃഷിയിടം വിടുന്നത്. വായ്പ എടുത്തു കൃഷി ചെയ്യുന്ന കർഷകരെല്ലാം കടക്കെണിയിലാണ്. ആനക്കൂട്ടം കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാക്കി മാറ്റി കർഷനെ കൃഷി ഭൂമിയിൽ നിന്നു ഇറക്കിവിടാനും ശ്രമമുണ്ടെന്നാണു കർഷകരുടെ ആരോപണം. 

സഹായം വേണം കൃഷി സംരക്ഷിക്കാൻ

കൃഷി തുടങ്ങാനുള്ള ധനസഹായത്തേക്കാളുപരി അതു സംരക്ഷിക്കാനാണു സർക്കാർ സഹായിക്കേണ്ടതെന്ന നിലപാടിലാണു കർഷകർ. സർക്കാരിന്റെ നേതൃത്വത്തിൽ വഴിപാടു പോലെ സ്ഥാപിക്കുന്ന വൈദ്യുത വേലികൾ മരം തള്ളിയിട്ടു ആനക്കൂട്ടം തകർക്കുന്നു.

ഇതു പുനഃസ്ഥാപിക്കാനും നടപടിയില്ല. കർഷർക്ക് തങ്ങളുടെ കൃഷി സ്ഥലങ്ങൾ വൈദ്യുത വേലി കെട്ടി തിരിക്കാനുള്ള അവകാശം നൽകണമെന്നാണു കർഷകരുടെ ആവശ്യം.  സബ്സിഡി നൽകാൻ സർക്കാർ തയാറായാൽ വേലികൾ സംരക്ഷിക്കാൻ കൃഷിക്കാർക്കു സാധിക്കുമെന്നു പ്രദേശവാസികൾ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com