കോവിഡ് ഐസലേഷൻ സെന്ററിൽ രോഗികളെ കാത്തിരിക്കുന്നത് ഈ 5 നിറമുള്ള ബക്കറ്റുകൾ...
Mail This Article
മഞ്ഞ, ചുവപ്പ്, കറുപ്പ്, നീല, സുതാര്യം ഇങ്ങനെ അഞ്ചുതരം ബക്കറ്റുകൾ, ബക്കറ്റുകടയിലെ കാര്യമല്ല. കോവിഡ് ഐസലേഷൻ സെന്ററിൽ രോഗികളെ കാത്തിരിക്കുന്നത് ഈ അഞ്ചുതരം ബക്കറ്റുകളാണ്. ഓരോ നിറത്തിനും ഓരോ ഡ്യൂട്ടിയുണ്ട്. രോഗബാധിതർ ഉപയോഗിക്കുന്ന മരുന്ന് അവശിഷ്ടങ്ങൾ മുതൽ ഭക്ഷണ അവശിഷ്ടങ്ങൾ വരെ ശേഖരിക്കാനാണ് 5 നിറമുള്ള ബക്കറ്റുകൾ.
ശേഖരിക്കുന്ന മാലിന്യം പ്രത്യേക വാഹനത്തിൽ കയറ്റി പാലക്കാടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബയോ മെഡിക്കൽ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ചു സംസ്കരിക്കും. നിറമനുസരിച്ചുള്ള ഒരോ ബക്കറ്റുകളുടെയും ഉള്ളിൽ അതേ നിറമുള്ള പ്ലാസ്റ്റിക് കവറുകളും കാണും. ബയോ മെഡിക്കൽ വെയ്സ്റ്റ് മാനേജ്മെൻ്റ് നിയമ പ്രകാരമാണ് 5 നിറത്തിലുള്ള ബക്കറ്റുകൾ ഉപയോഗിക്കുന്നത്.
മഞ്ഞ ബക്കറ്റ്
അണുബാധ മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഗ്ലൗസ്, മാസ്ക്, പഞ്ഞി തുടങ്ങിയവയാണ് മഞ്ഞ നിറമുള്ള ബക്കറ്റിൽ നിക്ഷേപിക്കുന്നത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററുകളിൽ മഞ്ഞ ബക്കറ്റിനാണ് പ്രിയം.
ചുവപ്പ് ബക്കറ്റ്
ആശുപത്രികളിലെ പ്ലാസ്റ്റിക് കവർ, രോഗികൾക്കു ഉപയോഗിക്കുന്ന ട്യൂബുകൾ, റബർ ഉൽപന്നങ്ങൾ, ട്രിപ്പ് ഇടുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയടക്കം ചുവപ്പ് നിറമുള്ള ബക്കറ്റിൽ നിക്ഷേപിക്കും.
സുതാര്യമായ ബക്കറ്റ്
സൂചി പോലുള്ള മുർച്ചയേറിയ ഉപകരണങ്ങൾ രോഗബാധിതനിൽ ഉപയോഗിച്ചതിനു ശേഷം സുതാര്യമായ ബക്കറ്റിൽ നിക്ഷേപിക്കണം. ഇത്തരം ബക്കറ്റിനു കൂടുതൽ കട്ടിയുണ്ടാകും. പുറത്തു നിന്നും നോക്കുന്നവർക്കു ബക്കറ്റിനുള്ളിലെ വസ്തുക്കൾ കാണുകയും ചെയ്യണം.
നീല ബക്കറ്റ്
ഗ്ലാസ് പോലുള്ള വസ്തുക്കളും ഇൻജക്‌ഷൻ നൽകാൻ ഉപയോഗിക്കുന്ന ആംപ്യൂളുകളുടെ പുറത്തെ ഭാഗങ്ങളും നീല ബക്കറ്റിൽ നിക്ഷേപിക്കണം.
കറുത്ത ബക്കറ്റ്
ഭക്ഷണം കഴിച്ചതിനു ശേഷം രോഗബാധിതർ ഉപേക്ഷിക്കുന്ന അവശിഷ്ടം പേപ്പർ എന്നിവ കറുത്ത ബക്കറ്റിൽ നിക്ഷേപിക്കണം. ജൈവ മാലിന്യങ്ങളാണ് കറുത്ത ബക്കറ്റിനുള്ളിൽ നിക്ഷേപിക്കേണ്ടത്.
കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056 ൽ ബന്ധപ്പെടാം.