16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരു പ്രതിനിധി മാത്രം; എന്നിട്ടും ബിജെപിക്ക് കന്നി പ്രസിഡന്റ്
Mail This Article
കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് കുഴിക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ജില്ലയിൽ ആദ്യമായി ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി. 16 അംഗ പഞ്ചായത്തിൽ ബിജെപിക്ക് ഒരു പ്രതിനിധി മാത്രമാണ് ഉള്ളതെങ്കിലും പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന പ്രസിഡന്റ് പദവിയിലേക്ക് ഈ വിഭാഗത്തിൽ നിന്നു സുരേഷ് മാത്രമാണ് ഉണ്ടായിരുന്നത്.
പട്ടികജാതി വിഭാഗത്തിൽപെട്ട 2 സ്ഥാനാർഥികളെ എൽഡിഎഫ് മത്സരിപ്പിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു. അതിനാൽ 9 അംഗങ്ങൾ ഉണ്ടായിട്ടും പ്രസിഡന്റ് പദവിയിൽ എത്താൻ എൽഡിഎഫിനു സാധിച്ചില്ല. യുഡിഎഫിന് 6 അംഗങ്ങളാണ് ഉള്ളത്.
രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തിൽ 16 അംഗങ്ങളും പങ്കെടുത്തു. സംവരണ പദവിയിലേക്കു മറ്റാരും ഇല്ലാത്തതിനാൽ സുരേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ കട്ടപ്പന മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.ശ്രീനിവാസൻ പ്രഖ്യാപിച്ചു.
തുടർന്ന് സുരേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചകഴിഞ്ഞു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധി 9 വോട്ടു നേടി വിജയിച്ചു. യുഡിഎഫ് പ്രതിനിധി ഷിജി സിബിക്ക് 6 വോട്ടു ലഭിച്ചു. ബിജെപി പ്രതിനിധിയായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.