തുടർച്ചയായി മൂടൽ മഞ്ഞും മഴയും, സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു, പക്ഷേ...
Mail This Article
മറയൂർ ∙ കാലാവസ്ഥ വ്യതിയാനം മൂലമുള്ള മൂടൽമഞ്ഞും അടിക്കടിയുള്ള മഴയും അഞ്ചുനാട്ടിലെ കാർഷിക മേഖലയെ ബാധിച്ചു. മൂടൽ മഞ്ഞുകൂടിയതോടെ വിനോദസഞ്ചാരികളുടെ തിരക്കും കൂടി. മറയൂരിലെ പ്രധാന കൃഷിയായ കരിമ്പിലെ ശർക്കര ഉൽപാദനത്തെയും കാന്തല്ലൂരിലെ ശീതകാല പച്ചക്കറികളായ ബീൻസ്, കാബേജ്, കാരറ്റ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടെയുള്ള വിളകളെയും കാലാവസ്ഥ വ്യതിയാനം ബാധിച്ചു.
തുടർച്ചയായി മൂടൽ മഞ്ഞും മഴയുമുള്ളതിനാൽ പാടം ഒരുക്കി വിത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. എന്നാൽ മറയൂർ കാന്തല്ലൂർ മേഖലയിലെ മൂടൽമഞ്ഞ് ആസ്വദിക്കാനും വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണാനും സഞ്ചാരികളുടെ ഒഴുക്ക് വൻതോതിൽ വർധിച്ചു. ഇപ്പോൾ അവധിദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് മുറികളില്ലാത്ത അവസ്ഥയാണ് പ്രദേശത്ത്.
മറയൂരിലെ ചന്ദനക്കാട്, ആനക്കോട്ട പാർക്ക്, മറയൂർ ശർക്കര ശാലകൾ, ഇരച്ചിയിൽ പാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ശീതകാല പച്ചക്കറി തോട്ടങ്ങൾ എന്നിവ ആസ്വദിക്കാനാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്. എന്നാൽ കാന്തല്ലൂരിൽ പ്രധാനമായും തോട്ടങ്ങളിൽ വളഞ്ഞിരിക്കുന്ന പഴങ്ങൾ കാണണമെന്ന ആഗ്രഹത്തോടെ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. നിലവിലെ കാലാവസ്ഥ വ്യതിയാനം മൂലം പ്രദേശത്ത് ഫലങ്ങൾ കായ്ക്കുന്നില്ല.