ADVERTISEMENT

തൊടുപുഴ ∙ പോളിങ് കഴിഞ്ഞ് ബൂത്തടയ്ക്കുമ്പോൾ ‘അഞ്ചും കൽപിച്ചാണ്’ ഇരുമുന്നണികളും. 5 സീറ്റും വിജയിക്കുമെന്ന് ഇരു മുന്നണികളും ആത്മവിശ്വാസം പുലർത്തുന്നു. ജില്ലയിൽ വൻമുന്നേറ്റം ബിജെപി ഉറപ്പിക്കുന്നു. ഉടുമ്പൻചോല സീറ്റിലെ വിജയമുൾപ്പെടെ യുഡിഎഫിന് സംശയങ്ങളൊന്നുമില്ല. ജില്ലയിലാകെ യുഡിഎഫ് തരംഗമാണെന്നും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ ഫലമാകുമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

തൊടുപുഴ സീറ്റിലാണ് എൽഡിഎഫിന് ചെറിയൊരു ഭയമുള്ളത്. എങ്കിലും 5 സീറ്റുകളിലും ഉറപ്പായും ജയിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ പറഞ്ഞു. തൊടുപുഴയിൽ കെ.ഐ.ആന്റണി ശക്തമായ മുന്നേറ്റം നടത്തിയെന്നും വിജയ സാധ്യതയുണ്ടെന്നും നേതാക്കൾ പറയുന്നു. തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം സീറ്റുകളിലാണ് വൻ മുന്നേറ്റ സാധ്യത ഉള്ളതെന്നും എല്ലാ മണ്ഡലങ്ങളിലും നില മെച്ചപ്പെടുത്തുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പറഞ്ഞു. 

ഇടുക്കിയിൽ മിടുക്കനാര് ?

ഇടുക്കിയിൽ ആര് ജയിച്ചാലും അതിലൊരു മധുര പ്രതികാരത്തിന്റെ സുഖമുണ്ടാവും. പഴയ എതിരാളിയെ തറപറ്റിച്ച സുഖം ഫ്രാൻസിസ് ജോർജിനും ജോസഫിന്റെ സ്വന്തം ജില്ലയിൽ അവരെ തറപറ്റിച്ച മധുരം റോഷിക്കും. ജില്ലയിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് ഇടുക്കി. മുന്നണിമാറ്റത്തിനു ശേഷം യുഡിഎഫിന് നഷ്ടമായ ഇടുക്കി തിരിച്ചുപിടിക്കാൻ സകല അടവുകളും ഇറക്കിയാണ് പൊരുതിയത്. മുന്നണി മാറ്റം ബാധിക്കാതെ 20 വർഷത്തെ കോട്ട നിലനിർത്താൻ റോഷിയും ഒപ്പത്തിനൊപ്പം എൽഡിഎഫും ശക്തമായ മത്സരം നടത്തി. നാലു മത്സരങ്ങളിലേതിനെക്കാൾ മികച്ച ഭൂരിപക്ഷമായിരിക്കും ഇത്തവണയെന്ന് റോഷി പറഞ്ഞു. എന്നാൽ ഇടുക്കിയിൽ യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് ഫ്രാൻസിസ് ജോർജ് പറയുന്നു. ഇടുക്കിയിൽ ബിജെപിയുമായി ധാരണയെന്ന സിപിഎമ്മിന്റെ ആരോപണം പരാജയ ഭീതി മറയ്ക്കാനുള്ള തന്ത്രമാണ് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പീരുമേടിനെ വീണ്ടും മെരുക്കുമോ സിപിഐ?

3തവണ ഇ.എസ്.ബിജിമോളിലൂടെ പീരുമേട് സിപിഐ നിലനിർത്തി. ഇത്തവണ എന്താവും സ്ഥിതിയെന്നാണ് പ്രധാനചോദ്യം. ഇടതുമുന്നണിയിലേക്ക് കേരള കോൺഗ്രസ് എമ്മും എത്തിയതോടെ ജില്ലയിൽ തങ്ങളുടെ ശക്തി തെളിയിക്കുന്നതിന് സിപിഐക്ക് പീരുമേട്ടിലെ വിജയം അനിവാര്യമാണ്. കഴിഞ്ഞ തവണ പാർട്ടി പ്രശ്നങ്ങൾ കൊണ്ട് മാത്രം കൈവിട്ടുപോയ വിജയം പിടിച്ചെടുക്കാൻ സിറിയക് തോമസിന് ഇത് അവസാന അവസരമാകും. വലിയ കലഹങ്ങൾക്കൊടുവിൽ കയ്യിലെത്തിയ സീറ്റിൽ എങ്ങനെയും ജയിക്കാനായിരുന്നു പോരാട്ടം. 

പതിനായിരത്തിനടുത്ത ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് സിറിയക് തോമസ് പറയുന്നത്. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും അതിന്റെ ഫലം ലഭിക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഇടതുമുന്നണിക്ക് ഉജ്വല വിജയം കിട്ടുമെന്ന് മാത്രമാണ് വാഴൂർ സോമന്റെ മറുപടി. മുൻദിവസങ്ങളിലെ കണക്ക് പ്രകാരം നാലായിരം വോട്ടുകൾക്ക് പിറകിലായിരുന്നു എൽഡിഎഫ്. എന്നാൽ വോട്ടിങ് ദിനത്തിൽ ഇത് മറികടക്കാൻ കഴിഞ്ഞെന്നാണ്  ഇടതുക്യാംപിലെ കണക്കുകൂട്ടൽ. അതിർത്തി പരിശോധന കർശനമായതോടെ തമിഴ്നാട്ടിൽനിന്നു  തോട്ടം തൊഴിലാളികൾ തിരിച്ചെത്തിയില്ല. ഇത് പോളിങ് ശതമാനം കുത്തനെ ഇടിച്ചു. ഏത് മുന്നണിയെയാവും ഇതു   ബാധിക്കുകയെന്നു കണ്ടറിയണം.

ഉടുമ്പൻചോലയുടെ ആശാനാര്?

ജില്ലയിലെ വാശിയേറിയ പോരാട്ടങ്ങളിലൊന്ന് നടന്ന  മണ്ഡലമാണ്  ഉടുമ്പൻചോല.   1500–3000 വരെ ഭൂരിപക്ഷത്തിൽ ഇ.എം.ആഗസ്തി ജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ, മത്സരമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന  മട്ടാണ് എം.എം.മണിക്ക്.      പതിനായിരത്തിൽ കുറഞ്ഞ ഭൂരിപക്ഷ കണക്കുകളൊന്നും എൽഡിഎഫും പ്രതീക്ഷിക്കുന്നില്ല. മുൻവർഷത്തെക്കാൾ ഇരട്ടവോട്ടുകൾ തടയാനായത് വിജയത്തിലേക്കുള്ള പടിയാകുമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. വികസന പ്രവർത്തനങ്ങൾ വോട്ടായെന്ന് എൽഡിഎഫും അവകാശപ്പെടുന്നുണ്ട്.

ദേവികുളത്തിന്റെ തലൈവൻ 

ദേവികുളത്ത് മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. തോട്ടംമേഖലയും കാർഷിക മേഖലയും ഒരുപോലെ വരുതിയിലാക്കാനായെന്നാണ് യുഡിഎഫ് പക്ഷം. എന്നാൽ തുടർഭരണത്തിന്റെ തരംഗമാണ് മണ്ഡലത്തിലുടനീളമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു. എഐഎഡിഎംകെ വോട്ടുകൾ നിർണായകമാകുമെന്നാണ് എൻഡിഎ പ്രതീക്ഷ. അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദേവികുളത്ത് ഉണ്ടായത്. അതിർത്തി കടന്ന് വോട്ട് എത്താത്തത് ഫലത്തിൽ നിർണായകമാകും. 2,000 മുതൽ 3,000 വരെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം. എന്നാൽ തങ്ങളുടെ ഭൂരിപക്ഷം 6,000 കടക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com