പാലത്തിനാൽ വീട് കാത്തിരിക്കുന്നു, പി.ജെ.ജോസഫിന്റെ വിജയവാർത്തയ്ക്കായി...
Mail This Article
തൊടുപുഴ ∙ പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പു വിജയങ്ങൾ എന്നും ആരംഭിക്കുന്നത് പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിൽ നിന്നായിരുന്നു. കോവിഡ് പിടിമുറുക്കിയതോടെ ഇവിടെ പ്രവർത്തകരുടെ തിരക്കു കുറഞ്ഞു. ഗേറ്റ് തുറന്നു കിടന്നെങ്കിലും ഇന്നലെ വൈകിട്ടും വീട്ടുകാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോൻസ് ജോസഫും പി.സി.തോമസും പലതവണ ഫോണിൽ വിളിച്ച് ജോസഫിനോട് സംസാരിച്ചു. മകൻ അപു ജോൺ ജോസഫ് മുഴുവൻ സമയവും അച്ഛനൊപ്പം ഉണ്ടായിരുന്നു.
മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു തലേന്നു മുതൽ ദൂരെ നിന്നുള്ള പ്രവർത്തകർ പി.ജെ.ജോസഫിന്റെ വീട്ടിലേക്കെത്തുമായിരുന്നു. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പ്രതീക്ഷകൾ പങ്കുവയ്ക്കാൻ പുറപ്പുഴയിലെത്തും. ഫലപ്രഖ്യാപന ദിവസം അതിരാവിലെ മുതൽ വിശാലമായ വീട്ടുമുറ്റത്തു രാഷ്ട്രീയ ചർച്ചകളുമായി പ്രവർത്തകരും നേതാക്കന്മാരും കൂട്ടം കൂടും. കോവിഡ് രൂക്ഷമായി തുടരുന്നതിനാൽ പാലത്തിനാൽ വീട് ഇന്ന് അതിഥികളുടെ തിരക്ക് പ്രതീക്ഷിക്കുന്നില്ല.
വന്നെത്തുന്നവരെ ചെറുചിരിയോടെ വരവേൽക്കാൻ ജോക്കുട്ടനും ഇത്തവണ ഇവിടെയില്ല. കഴിഞ്ഞ നവംബറിലാണ് പി.ജെ.ജോസഫിന്റെ ഇളയമകൻ ജോക്കുട്ടൻ (ജോമോൻ ജോസഫ്) അന്തരിച്ചത്. വോട്ടെടുപ്പായാലും വോട്ടെണ്ണലായാലും അതിരാവിലെ വീട്ടുവളപ്പിലേക്കും തൊഴുത്തിലേക്കും ഇറങ്ങുന്ന ശീലം പി.ജെ.ജോസഫ് മാറ്റാറില്ല. ഇന്നും തൊഴുത്തിലെ പശുക്കളുടെ ക്ഷേമം അന്വേഷിച്ചേ അദ്ദേഹം ദിവസം തുടങ്ങൂ. ഫലസൂചനകൾ വന്നു തുടങ്ങുന്നതു മുതൽ ജോസഫും തൊടുപുഴയിലെ മറ്റു പ്രധാന നേതാക്കളും ടിവിയുടെ മുന്നിലായിരിക്കും.
വോട്ടെണ്ണൽ പരിസമാപ്തിയിലേക്ക് എത്തുമ്പോഴാണ് പ്രവർത്തകർക്കൊപ്പം പി.ജെ.ജോസഫ് കൗണ്ടിങ് സെന്ററിലേക്കു നീങ്ങുന്നത്. ഇത്തവണയും വിജയം ഉറപ്പുണ്ടെങ്കിലും ആഹ്ലാദപ്രകടനങ്ങളോ ആഘോഷങ്ങളോ ഉണ്ടാവില്ലെന്ന് ജോസഫ് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ആഘോഷങ്ങളില്ലെങ്കിലും ഇന്ന് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ദിവസം പോലെ തന്നെ പാലത്തിനാൽ വീടിനും പ്രധാന ദിനമാണ്. പത്താം തവണയും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട് ജോസഫ് പടികയറി വരുന്നത് കാത്തിരിക്കുകയാണ് വീടും വീട്ടുകാരും.