ADVERTISEMENT

തൊടുപുഴ ∙ തിരഞ്ഞെടുപ്പ് ആരംഭിച്ച ഘട്ടത്തിൽ പി.ജെ.ജോസഫ് കോവിഡ് ബാധിതനായതിനെത്തുടർന്ന് പ്രചാരണത്തിൽ ഉണ്ടായ കുറവാണ് പ്രധാനമായും ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത് എന്ന് യുഡിഎഫ് വിലയിരുത്തൽ. നാമനിർദേശപത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷമാണ്  ആശുപത്രിയിലായിരുന്ന ജോസഫ് തിരുവനന്തപുരത്തു നിന്ന് തൊടുപുഴയിൽ എത്തിയത്. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് മണ്ഡലത്തിലെ എല്ലാ മേഖലകളിലും പര്യടനത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കാൻ കഴിഞ്ഞത്. ഇതും പ്രചാരണത്തിലെ കുറവിനു കാരണമായി. മാത്രമല്ല, ഇതെല്ലാം എതിർകക്ഷികൾ പ്രചാരണ വിഷയമാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് കുറയാൻ ഇടയാക്കി എന്നാണ് അനുമാനം. പല പഞ്ചായത്തുകളിലും യുഡിഎഫ് ഘടകകക്ഷികളായ കോൺഗ്രസും ലീഗും കേരള കോൺഗ്രസുമായുള്ള ശീതസമരവും പ്രശ്നങ്ങളും വോട്ട് കുറയാൻ ഇടയാക്കിയിട്ടുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പല പഞ്ചായത്തുകളിലുമുണ്ടായ അഭിപ്രായ വ്യത്യാസം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച കരിമണ്ണൂർ പഞ്ചായത്തിൽ യുഡിഎഫിന് 2486 വോട്ട് ലീഡ് ലഭിച്ചപ്പോൾ യുഡിഎഫ് വൻ ലീഡ് പ്രതീക്ഷിച്ച വണ്ണപ്പുറം ഉൾപ്പെടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വോട്ട് വളരെ കുറഞ്ഞത് ചർച്ചയാകും എന്നുറപ്പാണ്.

പാർലമെന്റിലെ ഭൂരിപക്ഷം ലഭിച്ചില്ല 

∙ 2019ൽ നടന്ന പാർലമെന്റ് തിര​ഞ്ഞെടുപ്പിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് 37,023 വോട്ടിന്റെ ലീഡാണു തൊടുപുഴയിൽ ലഭിച്ചത്. അന്ന് നഗരസഭയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്. 8414 വോട്ട്. പഞ്ചായത്തുകൾ: കുമാരമംഗലം– 2151, കോടിക്കുളം– 2060, വണ്ണപ്പുറം– 4170, കരിമണ്ണൂർ– 3494, ഇടവെട്ടി– 2408, മണക്കാട്– 1599, പുറപ്പുഴ– 2030, കരിങ്കുന്നം– 2080, മുട്ടം– 1922, ഉടുമ്പന്നൂർ– 2802, വെള്ളിയാമറ്റം– 2085, ആലക്കോട്– 1790.

അന്ന് കോടിക്കുളം, കരിമണ്ണൂർ, വെള്ളിയാമറ്റം, മുട്ടം, മണക്കാട് പഞ്ചായത്തുകളിൽ എൽഡിഎഫ് ആണു ഭരിച്ചിരുന്നത്. ഇവിടെയെല്ലാം യുഡിഎഫ് വ്യക്തമായ ലീഡ് അന്ന് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തിലും ലീഡ് ലഭിച്ചെങ്കിലും ഇപ്പോൾ യുഡിഎഫ് ഭരിക്കുന്ന വണ്ണപ്പുറം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലുള്ള ഉടുമ്പന്നൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലും പി.ജെ.ജോസഫിന് ആയിരത്തിൽ താഴെ വോട്ടുകൾ വീതമാണ് ഭൂരിപക്ഷം ലഭിച്ചതെന്നത് ചർച്ചയാകും.

തദ്ദേശ തിരഞ്ഞെടുപ്പിൽ  6414 വോട്ട് ഭൂരിപക്ഷം

4 മാസം മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ചത് 6414 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിരട്ടിയായി. തൊടുപുഴ മണ്ഡലത്തിൽ മണക്കാട്, ഉടുമ്പന്നൂർ, കുമാരമംഗലം എന്നീ പഞ്ചായത്തുകളിൽ ഭരണം ലഭിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തിൽ പോലും മേൽക്കൈ നേടാൻ എൽഡിഎഫിനായില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ  നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും യുഡിഎഫ്, എൽഡിഎഫ്,

എൻഡിഎ സ്ഥാനാർഥികൾക്ക് ആകെ ലഭിച്ച വോട്ട് യഥാക്രമം: തൊടുപുഴ നഗരസഭ– 12214, 11852, 6675, കുമാരമംഗലം 3474, 3619, 1107, കോടിക്കുളം: 3769, 3641, 222, വണ്ണപ്പുറം –8558, 7614, 1360, കരിമണ്ണൂർ– 5609, 5115, 940,   ഇടവെട്ടി 4995, 4065, 1250, ആലക്കോട് 3193, 1934, 204. മുട്ടം –2902, 2820, 369. കരിങ്കുന്നം – 3938, 2996, 371, പുറപ്പുഴ  3912, 2418, 816. മണക്കാട് – 3837, 4288, 1154. ഉടുമ്പന്നൂർ 6683, 6841,904. വെള്ളിയാമറ്റം 5164, 4929, 733. ആകെ യുഡിഎഫ്–68658, എൽഡിഎഫ്  62134, എൻഡിഎ 16705. യുഡിഎഫ് ഭൂരിപക്ഷം: 6414.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com