പീരുമേട്ടിലെ പരാജയം; കോൺഗ്രസിൽ ധാരണ, ഇനി വേണ്ട പഴിചാരൽ
Mail This Article
പീരുമേട് ∙ പരാജയത്തിന്റെ പേരിൽ പാർട്ടിയിൽ നടക്കുന്ന പഴിചാരൽ അവസാനിപ്പിക്കുന്നതിനു കോൺഗ്രസിൽ ധാരണ. പീരുമേട് നിയമസഭാ സീറ്റ് നഷ്ടപ്പെട്ട സംഭവത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് പരാതികൾ അയച്ചു കൂടാതെ വിവാദ പ്രസ്താവനകൾ ഉയർത്തുകയും ചെയ്തിരുന്നു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തലത്തിൽ കാര്യങ്ങൾ നീങ്ങിയതോടെ പരാജയത്തിനു ഇടയാക്കിയ കാര്യങ്ങൾ അന്വേഷിക്കും എന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. വിവാദങ്ങൾ അവസാനിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിനെ ഫോണിൽ വിളിച്ചു സീറ്റ് നഷ്ടപ്പെടുന്നതിനു ഇടയാക്കിയ സാഹചര്യം സംബന്ധിച്ചു വിവരങ്ങൾ തേടി. വ്യക്തിപരമായി താൻ ആർക്കെതിരെയും പരാതി നൽകാൻ ഇല്ല എന്ന നിലപാടിൽ ആണ് സിറിയക്. ഇതിനിടെ വിജയം ഉറപ്പിച്ച സീറ്റിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കും എന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിസ്സഹകരണം പുലർത്തിയ നേതാക്കൾ, പ്രധാന പ്രവർത്തകർ എന്നിവരുടെ പട്ടിക നേതൃത്വം ശേഖരിക്കുന്നുണ്ട്. യുഡിഎഫിന്റെ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടു വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിൽ എൽഡിഎഫ് നേടിയ തകർപ്പൻ ഭൂരിപക്ഷം ആണ് വിജയത്തിനു ഇടയാക്കിയത്. ഇതിനു പുറമേ ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ ലഭിച്ച ലീഡ് യുഡിഎഫിനു നിലനിർത്തുന്നതിനും കഴിഞ്ഞില്ല.