ADVERTISEMENT

റോഷി അഗസ്റ്റിൻ തന്റെ സ്വപ്നങ്ങളും വികസന കാഴ്ചപ്പാടുകളും മനോരമയുമായി പങ്കുവയ്ക്കുന്നു.

∙ ഇടുക്കിയിൽ നിന്നുള്ള ഏക മന്ത്രിയാണ് താങ്കൾ. എങ്ങനെയാവും പ്രവർത്തനങ്ങൾ?

2 പതിറ്റാണ്ടായി നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ച തന്നെയാവും ഉണ്ടാവുക. കൂടുതൽ ഉത്തരവാദിത്തമാണ് ജനം ഏൽപിച്ചിരിക്കുന്നത്. അവരോട് കടപ്പാടുണ്ട്. മണിയാശാൻ മന്ത്രിയായപ്പോൾ കാണിച്ച മാതൃകയുണ്ട്. ജില്ലയുടെ എല്ലാ മേഖലകളിലും ഇടപെട്ടു വികസനം ഉറപ്പാക്കാനായി. ആ പ്രവർത്തനങ്ങളും ജനങ്ങളോടൊപ്പം നിന്ന ഭരണവുമാണ് തുടർഭരണത്തിനു കാരണം. ആ ജനങ്ങളെ തുടർന്നും സംരക്ഷിക്കലാണു പ്രധാനം.

∙ കെ.എം.മാണിയുടെ നിയമസഭയിലെ പിന്തുടർച്ച എന്നൊരു ഉത്തരവാദിത്തം കൂടിയുണ്ടല്ലോ? പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയും റോഷിയുടെ പ്രവർത്തനങ്ങൾക്കൊപ്പമാകില്ലേ?

മാണി സാറിന്റെ നിലപാടുകൾ മുന്നിലുണ്ട്. പാർട്ടിയുടെ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കുമാണ് പ്രാധാന്യം. പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കൊപ്പം കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നത്. അതിലൊരു ഭാഗം മാത്രമാണ് മന്ത്രിസ്ഥാനം.

റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് നടത്തിയ ജാഥ. (ഫയൽചിത്രം)
റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് നടത്തിയ ജാഥ. (ഫയൽചിത്രം)

∙ മുന്നണിമാറ്റം വലിയ വിവാദങ്ങൾ ഇടുക്കിയിൽ ഉണ്ടാക്കിയിരുന്നു. സഹപ്രവർത്തകർ വരെ ആരോപണങ്ങളുമായി വന്നു. ഇതൊക്കെ വിഷമിപ്പിച്ചോ? വിജയം വ്യക്തി പ്രഭാവത്തിന്റെ ഫലമാണോ?

ഇടതുമുന്നണി ഞങ്ങളിൽ വിശ്വസിച്ചു, ഞങ്ങളും. മുന്നണിമാറ്റം ഇടുക്കിയിൽ ഏറെ ബഹളമുണ്ടാക്കി. പല സംഭവങ്ങളും വലിയ വിഷമമുണ്ടാക്കി. പക്ഷേ, ജനം എന്നെ വിശ്വസിച്ചു. ജനങ്ങളോടുള്ള ബന്ധമാണ് പ്രധാനമെന്നു ഞാൻ വിശ്വസിക്കുന്നു.

∙ മന്ത്രിപദവി ലഭിക്കുമ്പോൾ ഇടുക്കിക്കാരുടെ പ്രതീക്ഷകൾ വാനോളമാണ്.

എന്റെ ഹൃദയം ഇടുക്കിയാണ്. എന്റെ വളർച്ചയ്ക്കും നേട്ടങ്ങൾക്കുമെല്ലാം കാരണം ഈ നാടാണ്. വികസന കാര്യങ്ങളിൽ എന്നും മുൻഗണന ഇടുക്കിക്കു തന്നെ. പണ്ടത്തെക്കാൾ പതിന്മടങ്ങായി ഞാൻ ഒപ്പമുണ്ടാകും.

∙ ഭൂപതിവ് ചട്ടഭേദഗതി, ഇടുക്കി പാക്കേജ്, പ്രളയ പുനർനിർമാണം എന്നിവയ്ക്കു മുൻഗണന ഉണ്ടാകുമോ?

മുഖ്യമന്ത്രി നേരിട്ട് ജില്ലയിലെത്തി പ്രഖ്യാപിച്ചതാണ് ഇതെല്ലാം. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യം ചെയ്യുന്നതും ഇക്കാര്യങ്ങളാകും.

∙ എപ്പോഴും ഭാഗ്യം തുണയ്ക്കുന്ന വ്യക്തിയാണ് റോഷി അഗസ്റ്റിൻ എന്ന് പറയാറുണ്ട്. ആദ്യ വിജയം മുതൽ മന്ത്രിപദവി വരെയുള്ള നേട്ടങ്ങളി‍ൽ ഭാഗ്യം എത്രവരെ?

ഭാഗ്യം കർമത്തിന്റെ ഫലമാണ് എന്നാണ് വിശ്വാസം. ഞാനൊരു തികഞ്ഞ ദൈവവിശ്വാസിയാണ്. ദൈവാനുഗ്രഹം ഉറപ്പായും ഉണ്ട്. അതിനൊപ്പം ജനങ്ങളുടെ അനുഗ്രഹവുമുണ്ട്. ഞാൻ ഇടുക്കിയുടെ ഭാഗമാണ്. ഇടുക്കിക്കാരുടെ സ്നേഹമാണെന്റെ ഭാഗ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com