ADVERTISEMENT

മറയൂർ (ഇടുക്കി) ∙ കോവിഡ് വ്യാപിക്കുന്ന അഞ്ചുനാട് മേഖലയിലെ ആദിവാസിക്കുടിയിൽ അവശനിലയിലായ യുവതിയെ പുറത്തെത്തിച്ചതു നാലു കിലോമീറ്ററോളം വനപാതയിലൂടെ ഇരുചക്രവാഹനത്തിൽ ഇരുത്തി. കഴിഞ്ഞ ദിവസം കാന്തല്ലൂർ പാളപ്പെട്ടിക്കുടിയിലാണു സംഭവം. യുവതി അവശനിലയിലായതോടെ ബൈക്കിൽ 2 പേരുടെ നടുവിലിരുത്തി ആദിവാസിക്കുടിയിൽ നിന്നു പുറത്തെത്തിക്കുകയായിരുന്നു. 

റോഡിൽ നിന്നു 4 കിലോമീറ്റർ വനത്തിനുള്ളിലാണു പാളപ്പെട്ടി ആദിവാസിക്കുടി. ഇവിടേക്കുള്ള പാത കഷ്ടിച്ചു രണ്ടടി മാത്രം വീതിയുള്ള ഇടവഴിയാണ്. പാറക്കല്ലുകളും കുണ്ടും കുഴിയുമുള്ളതാണ് ഈ വഴി. കഴിഞ്ഞ ദിവസം കാന്തല്ലൂർ പഞ്ചായത്ത് അധികൃതർ ഈ പ്രദേശത്തു ബോധവൽക്കരണത്തിന് എത്തിയപ്പോഴാണ് അവശനിലയിലായ യുവതിയെ കണ്ടത്. തുടർന്നു പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് യുവതിയെ വാഹനസൗകര്യം ഉള്ള സ്ഥലത്തേക്കു ബൈക്കിൽ എത്തിക്കുകയായിരുന്നു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നു.

വണ്ണാന്തുറ ഭാഗത്ത് എത്തിച്ച യുവതിയെ സ്നേഹവണ്ടിയിൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.  മേഖലയിൽ കോവിഡ് വ്യാപിക്കുമ്പോഴും പട്ടികവർഗ വികസന വകുപ്പിൽ നിന്നോ വനം വകുപ്പിൽ നിന്നോ നടപടിയൊന്നും ഉണ്ടാകുന്നില്ല എന്ന ആരോപണം ശക്തമാണ്. ഈ കുടിയിലേക്കു പാത നിർമിക്കുന്നതിനു പ്രധാന തടസ്സങ്ങളിലൊന്നു വനം വകുപ്പാണ്. ഇവർ അനുമതി നൽകാത്തതിനാലാണു പ്രദേശത്തേക്കുള്ള പാത നിർമാണം നടക്കാത്തതെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com