ADVERTISEMENT

തൊടുപുഴ ∙ നിയന്ത്രണം വിട്ട കാറിടിച്ച് പാലത്തിന്റെ കൈവരി തകർന്നു. പുഴയിലേക്കു പതിക്കാതെ, വാഹനം റോഡിലേക്കു മറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ശനി രാത്രി  വെങ്ങല്ലൂർ–കോലാനി ബൈപാസിൽ വെങ്ങല്ലൂർ പാലത്തിലാണു സംഭവം. കോലാനി ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ കാർ  നിയന്ത്രണം വിട്ട് നടപ്പാതയിലേക്കു പാഞ്ഞു കയറി കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്കു നിസ്സാര പരുക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വാഹനത്തിൽ നിന്നു റോഡിലേക്കു വീണ ഓയിലും  മറ്റും ഫയർഫോഴ്സ് എത്തി കഴുകി നീക്കി. പാലാ, കൂത്താട്ടുകുളം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തൊടുപുഴ ടൗണിൽ കയറാതെ മൂവാറ്റുപുഴ, അടിമാലി മേഖലകളിലേക്കു പോകാൻ പ്രധാനമായി ആശ്രയിക്കുന്ന ബൈപാസ് റോഡാണിത്.

വാഹനങ്ങളുടെ അമിത വേഗം മൂലം ഈ ബൈപാസിൽ അപകടങ്ങൾ പതിവാണെന്നു നാട്ടുകാർ പറയുന്നു. വെങ്ങല്ലൂർ പാലത്തിന്റെ കൈവരി മുൻപും വാഹനമിടിച്ചു തകർന്നിട്ടുണ്ട്. പിന്നീട് ഏറെ വൈകിയാണ് ഇതു പുനർ നിർമിച്ചത്. പാലത്തിന്റെ കൈവരിയോടു ചേർന്നുള്ള നടപ്പാതയിലൂടെ അനുദിനം ഒട്ടേറെ കാൽനടയാത്രക്കാരാണു സഞ്ചരിക്കുന്നത്. വീണ്ടും പാലത്തിന്റെ കൈവരിയുടെ ഭാഗം തകർന്നതു അപകട ഭീഷണി ഉയർത്തുന്നുണ്ട്.

എത്രയും പെട്ടെന്ന് തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പാതയിലുള്ള സോളർ വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾക്കു കാരണമാകുന്നതായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. പാലത്തിന്റെ ഭാഗത്തു പോലും വെളിച്ചമില്ല. അടിയന്തരമായി ഈ പ്രശ്നത്തിനും പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com