അധികൃതർ ഒന്ന് ശ്രദ്ധിക്കണം:ചേലച്ചുവട് റോഡില്‍ അപകടക്കുഴി
Mail This Article
വണ്ണപ്പുറം ∙ ദേശീയ പാതയിൽ അപകടക്കുഴി ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ചേലച്ചുവട് റോഡിൽ മാർ സ്ലീബ പള്ളിക്ക് സമീപമാണ് ജല വിതരണ വകുപ്പ് പൈപ്പ് നന്നാക്കാനായി മാസങ്ങൾക്ക് മുൻപ് റോഡ് വെട്ടിപ്പൊളിച്ചത്. എന്നാൽ, പൈപ്പിന്റെ തകരാർ പരിഹരിച്ച് മാസങ്ങൾ കഴിഞ്ഞു എങ്കിലും വെട്ടിപ്പൊളിച്ച ഭാഗം പുനരുദ്ധരിക്കാൻ നടപടിയുണ്ടായിട്ടില്ല.
റോഡിലെ ടൈൽ പാകിയ ഭാഗവും ടാർ ചെയ്ത ഭാഗവും തമ്മിൽ കോൺക്രീറ്റ് ചെയ്തത് കൂട്ടി ചേർക്കാത്തതാണ് ഇവിടെ കുഴി ഉണ്ടാകാൻ കാരണം. മഴക്കാലമായതോടെ ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ട് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. ഓരോ ദിവസവും കുഴി വലുതാവുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും ചെറു വാഹനങ്ങളുമാണ് കുഴിയിൽ ചാടി അപകടത്തിൽ ആകുന്നത്. ടവളവിലുള്ള കുഴി പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല.
അതിനാൽ ഈ ഭാഗത്ത് എത്തുമ്പോൾ വേഗം കുറയ്ക്കാൻ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോടെ വാഹനം തെന്നി മാറി അപകടം ഉണ്ടാകുന്നതും പതിവാണ്. ഹൈറേഞ്ചിലേക്കുള്ള ബസുകളും നൂറു കണക്കിനു വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിലെ കുഴി അടയ്ക്കാൻ നടപടി ഉണ്ടാകണം എന്നാണ് ആവശ്യം. ഹൈറേഞ്ചിലേക്കുള്ള പ്രധാന റോഡിലെ അപകടക്കുഴി ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.